ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ദില്ലി: ബഫർസോൺ വിധിയിൽ ഇളവ് നല്‍കി സുപ്രീംകോടതി. കരട് വിജ്ഞാപനം ഇറങ്ങിയതുൾപ്പടെയുള്ള മേഖലകൾക്ക് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിയന്ത്രണത്തിൽ ഇളവ് നല്‍കിയാണ് ഉത്തരവ്. സംരക്ഷിത മേഖലയുുടെ ഒരു കിലോ മീറ്റർ പരിധിയിൽ എന്നാൽ ഖനനത്തിന് വിലക്കുണ്ടാകും.
കേരളത്തിലെ മലയോരമേഖലക്ക് ആശ്വാസം. 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ ഇതിനായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന മേഖലകള്‍ക്ക് കൂടിയാണ് ഇളവ് നല്തകിയിരിക്കുന്നത്. അന്തർ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിച്ചു. കേന്ദ്രസർക്കാർ ഈ ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഖനനം ഉള്‍പ്പടെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ മേഖലകളിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിൽ ഭേദഗതി വരുത്തിയതോടെ കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കും.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയത്. ഇതിൽ ഒരെണ്ണത്തിൽ അന്തിമവിഞ്ജാപനവും ഇറങ്ങിയിരുന്നു. ബഫർസോൺ വിധി കേരളത്തിലെ മലയോര മേഖലകളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ കേന്ദ്രം നൽകിയ വ്യക്തത തേടിയുള്ള ഹർജിയിൽ കേരളവും കക്ഷി ചേർന്നു. ജനങ്ങളെ കുടിയിറക്കിയുള്ള പ്രകൃതി സംരക്ഷണം സാധ്യമല്ലെന്നും ഇതിൽ പിടിവാശയില്ലെന്നും വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
