തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂ‍ർച്ഛിച്ച മാ‍ർച്ച് 19 മുതലുള്ള 42 ദിവസങ്ങളിൽ കേരളത്തിൽ എന്നും പുതിയ കൊവിഡ‍് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മാ‍ർച്ച് അവസാനവാരത്തിൽ ഒരൊറ്റ ദിവസം തന്നെ 34 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുകയും അതിൽ പാതിയും കാസ‍ർകോട് ജില്ലയിലാവുകയും ചെയ്ത സംഭവം മുഴുവൻ മലയാളികളേയും മുൾമുനയിലാണ് നി‍ർത്തിയത്. 

എന്നാൽ അവിടെ നിന്നും അങ്ങോട്ട് കൊവിഡ് പ്രതിരോധത്തിൽ പതിയെ ചുവടുകൾ മുന്നോട്ട് വച്ചു നടന്ന കേരളം ഈ ദിനത്തോടെ കൊവിഡ് പോരാട്ടത്തിൽ നിർണായകമായ ഘട്ടമാണ് പിന്നി‌ടുന്നത്. ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂർ 19, കാസർഗോഡ് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 - എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്. 

മെയ് ഒന്ന് വെള്ളിയാഴ്ചയും മെയ് മൂന്ന് ഞായറാഴ്ചയും കേരത്തിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തിരുന്നില്ല. ഇന്നലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോ‍ർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 499 ആയി. ഇന്ന് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിക്കാതിരിക്കുകയും 61 പേർ നെഗറ്റീവാക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം അൻപതിന് താഴ എത്തി. നീണ്ട 44 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം അൻപതിന് താഴേക്ക് വരുന്നത്. 

കൊവിഡ് കേസുകൾ കുറഞ്ഞു വരികയും പിന്നീട് ഇല്ലാതാവുകയും ശേഷം വീണ്ടും കേസുകൾ ചെറിയ തോതിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന പ്രവണതയാണ് കൊവിഡ് ഫലപ്രദമായ പ്രതിരോധിച്ച പല രാഷ്ട്രങ്ങളിലും കണ്ടു വന്നിട്ടുള്ളത്. സമാനമായ ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോൾ കേരളവും പോകുന്നത്. 

61 പേർക്ക് രോഗം കുറഞ്ഞപ്പോൾ അതോടൊപ്പം മൂന്ന് ജില്ലകളും കൊവിഡ് മുക്തമായി എന്നതാണ് ഇന്നത്തെ സവിശേഷത. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ചികിത്സയിലുള്ള മുഴുവൻ പേരും ഫലം നെഗറ്റീവായതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവും. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇനി ഒരോ രോഗികൾ വീതം മാത്രമാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ പാതിയും ഇനി കണ്ണൂരിലാണ്. 

ഇടുക്കിയില്‍ 11 പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇവിടെ 12 പേരാണ് പോസിറ്റീവ് ആയി ഉണ്ടായിരുന്നത്. ഫലം നെഗറ്റീവായ 11 പേർക്കും ഇനി വീട്ടിലേക്ക് മടങ്ങാം. അവശേഷിക്കുന്ന ഒരാളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളതെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. കാസർകോട് ജില്ലയിൽ രണ്ട് പേർക്കാണ് രോഗം മാറിയത്.  ഉക്കിനടുക്കയിൽ ചികിത്സയിലായിരുന്ന  വിദേശത്ത്  നിന്നും വന്ന  41 വയസുള്ള ഉദുമ  സ്വദേശിയാണ് രോഗമുക്തി നേടിയ ഒരാൾ.  

12 പേരാണ് കോട്ടയത്ത് രോഗമുക്തി നേടിയത്. ചികിത്സയിലായിരുന്ന രണ്ട് ചുമട്ട് തൊഴിലാളികളും രോഗമുക്തി നേടി. ആരോഗ്യ വകുപ്പിലെ ജീവനക്കാരനും രോഗമുക്തനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും ഇയാളുടെ അമ്മയും രോഗമുക്തർ.ഇരുവരും പനച്ചിക്കാട് സ്വദേശികളാണ്. രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് രോഗമുക്തിയുണ്ട്. 

മലപ്പുറം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും രോഗമുക്തരായി. കാലടി ഒലുവഞ്ചേരി സ്വദേശിക്കും മാറഞ്ചേരി പരിച്ചകം സ്വദേശിക്കുമാണ് രോഗം ഭേദമായത്. ചങ്ങനാശ്ശേരിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ പഴകച്ചവടക്കാരനും രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉണ്ട്.