തൃശ്ശൂർ: തൃശ്ശൂരിൽ കഞ്ചാവ് കേസിലെ റിമാന്‍റ് പ്രതി ഷെമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജയിൽ ഡിജിപി ഇന്ന് കോവിഡ് കെയർ സെന്‍റർ സന്ദർശിക്കും. അമ്പിളിക്കലയിലെത്തി ഋഷിരാജ് സിങ് പരിശോധന നടത്തും. തൃശ്ശൂരിലെ ജയിലിലും, കൊവിഡ് സെന്‍ററിലും കഴിയുന്ന കേസിലെ മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ എറണാകുളം ജില്ലാ വനിതാ ജയിലിലെത്തി അദ്ദേഹം മരിച്ച ഷെമീറിന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊവിഡ് സെന്‍ററിൽ പതിനേഴുകാരന് മര്‍ദനമേറ്റെന്ന പരാതിയും ഡിജിപി ഋഷിരാജ് സിങ് പരിശോധിക്കും. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷെമീറിന്‍റെ ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളുടെ വിശദമായ മൊഴി മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇന്ന് രേഖപ്പെടുത്തും. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെയാണ് പൊലീസിന് ലഭിക്കുക.

ഇന്നലെ കേസിൽ ജയിൽ വകുപ്പ് ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് ജയിൽ വകുപ്പ് പുറത്തിറക്കിയത്. ആശുപത്രി ജീവനക്കാരും മരിച്ച പ്രതിയുടെ ഭാര്യയും പ്രതിയെ ക്രൂരമായി ജീവനക്കാർ മർദ്ദിച്ചെന്ന് പറഞ്ഞിട്ടും, ഇത് തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് നൽകിയത്. ഷെമീറിനെ ജയിൽ ജീവനക്കാർ മർദ്ദിച്ചിട്ടുണ്ടെന്നും, എന്നാൽ മരണകാരണമായേക്കാവുന്ന മർദ്ദനം ഉണ്ടായിട്ടില്ലെന്നും, ചെറിയ 'റാഗിംഗ്' പോലുള്ള മർദ്ദനമേ ഉണ്ടായിട്ടുള്ളൂ എന്നുമായിരുന്നു ജയിൽ വകുപ്പിന്‍റെ അന്വേഷണറിപ്പോർട്ട്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജീവനക്കാരെയും അന്വേഷണത്തിന്‍റെ ഭാഗമായി അച്ചടക്കനടപടി സ്ഥലം മാറ്റത്തിലൊതുക്കി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആശുപത്രി ജീവനക്കാർ തന്നെ ജയിൽ വകുപ്പിന്‍റെ ഈ റിപ്പോർട്ട് തള്ളി രംഗത്തുവരികയും ചെയ്തു.

ഷെമീറിന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനമേറ്റിട്ടില്ലെന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി. ആശുപത്രി ജീവനക്കാർ ആരും മർദ്ദിച്ചിട്ടില്ല. ലഹരിമരുന്ന് കിട്ടാത്തതിൻ്റെ അസ്വസ്ഥത പ്രതി പ്രകടിപ്പിച്ചിരുന്നു.  കൈകാലുകൾ കെട്ടിയിട്ടാണ് മയക്കാനുള്ള കുത്തിവെയ്പ്പ് എടുത്തത്.  പ്രതിയെ നേരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ജയിൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു എന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. 

കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെൻറിലക്ക് മാറ്റി. സെപ്തംബര്‍ 30-ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കൊവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്. പിറ്റേന്ന്  പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. ഷെമീർ റിമാൻഡിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.