Asianet News MalayalamAsianet News Malayalam

അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ സിദ്ദിഖ് കാപ്പന്‍റെ പേരും

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത റൗഫ് ഷെരീഫിനെ കാക്കനാട്ടുള്ള കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൗഫിന്‍റെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിശദമായി വായിക്കാം.

remand report of rauf sherif who was arrested from trivandrum airport
Author
Kochi, First Published Dec 13, 2020, 5:51 PM IST

കൊച്ചി: എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ പേരും. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്. ഷെരീഫിനെ ശനിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ റൗഫിനെ എറണാകുളം സെഷൻസ് കോടതിയിൽ ഇന്ന് ഹാജരാക്കി. പിന്നീട്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത റൗഫ് ഷെരീഫിനെ കാക്കനാട്ടുള്ള കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൗഫിന്‍റെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

റൗഫ് ഷെരീഫിന്‍റെ അക്കൗണ്ടിൽ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എൻഫോഴ്സ്മെന്‍റ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്. റൗഫ് ഷെരീഫ് പിന്നീട് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുർ റഹ്മാന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്‍റെ പേരിൽ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ലെന്നും, എല്ലാ പണമിടപാടുകളും റൗഫിന്‍റെ പേരിൽ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാൻഡ് റിപ്പോർട്ട് ആരോപിക്കുന്നു. പല തവണ സമൻസ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണങ്ങൾ

സിദ്ദിഖ് കാപ്പനടക്കം നാല് പേരെ ഉത്തർപ്രദേശിലെ മഥുരയിൽ വച്ച് അറസ്റ്റ് ചെയ്ത കേസുമായി ബന്ധിപ്പിച്ചാണ് റിമാൻഡ് റിപ്പോർട്ട് ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മഥുരയിൽ നിന്ന് സിദ്ദിഖ് കാപ്പനൊപ്പം യുപി പൊലീസ് അറസ്റ്റ് ചെയ്തത് ഇവരെയാണ്: അതീഖുർ റഹ്മാൻ (ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ), മസൂദ് അഹമ്മദ് (ജാമിയ വിദ്യാർത്ഥി, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ, യുപി സ്വദേശി, യുപി സ്വദേശി ആലം. റൗഫിന്‍റെ നിർദേശപ്രകാരമാണ് സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ പോയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം. ഇതിനായി കാപ്പന് പണം നൽകിയത് റൗഫാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഹാഥ്റസിലേക്ക് കാപ്പനടക്കം നാല് പേർ പോയത് സാമുദായികസൗഹാർദ്ദം തകർക്കാനായിരുന്നുവെന്ന യുപി പൊലീസിന്‍റെ എഫ്ഐആറിലെ ആരോപണങ്ങൾ ഇവിടെയും ആവർത്തിച്ചിട്ടുണ്ട്. കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അതീഖുർ റഹ്മാനുമായി അടുത്ത് പ്രവർത്തിച്ചിരുന്നയാളാണ് റൗഫ് ഷെരീഫ് എന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 

തേജസ് പത്രത്തിൽ ജോലി ചെയ്തിരുന്ന, ഇപ്പോൾ അഴിമുഖം എന്ന വെബ്സൈറ്റിന്‍റെ പ്രതിനിധിയായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് റൗഫ് ഷെരീഫിനെ ഒരു വർഷമായി പരിചയമുണ്ടായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഷൊയബ് പി വി എന്നയാൾ വഴിയാണ് കാപ്പൻ റൗഫിനെ പരിചയപ്പെട്ടതെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.

ജാമിയയിലെ വിദ്യാർത്ഥിയായ മസൂദ് അഹമ്മദിനെ അതീഖുർ റഹ്മാൻ വഴിയാണ് കാപ്പൻ പരിചയപ്പെടുന്നത്. രണ്ട് തവണ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററിൽ വച്ച് ഇവർ തമ്മിൽ കണ്ടിട്ടുണ്ട്. യുപി സ്വദേശിയായതിനാലാണ് മസൂദിനെ കാപ്പൻ ഒപ്പം കൂട്ടിയത്. മസൂദ് പല തവണ ക്യാമ്പസ് ഫ്രണ്ടിന് വേണ്ടി ജാമിയ സർവകലാശാലയിൽ വച്ച് ബക്കറ്റ് പിരിവ് നടത്തിയിട്ടുണ്ട്. 

ഇവരെല്ലാം ചേർന്ന് നടത്തിയ യാത്രയ്ക്ക് ഫണ്ട് നൽകിയത് കെ എ റൗഫ് ഷെരീഫാണ്. അതീഖുർ റഹ്മാനെ ഇതിന് മുമ്പ് അറിയില്ലായിരുന്നുവെന്ന് സിദ്ദിഖ് കാപ്പൻ കളവ് പറഞ്ഞെന്നാണ് റിമാൻഡ് റിപ്പോർട്ട് ആരോപിക്കുന്നത്. 

ഇപ്പോഴും മഥുര ജയിലിൽ തടവിൽ കഴിയുകയാണ് കെയുഡബ്ല്യുജെ ദില്ലി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പൻ. 

Follow Us:
Download App:
  • android
  • ios