കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി രാഷ്ട്രീയ രംഗത്തേക്ക് ചുവട് വെച്ചത് വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ നിന്നാണ്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കച്ചവട രംഗത്തേക്കായിരുന്നു മോയിന്‍കുട്ടി ആദ്യം പ്രവേശിച്ചത്. 1965 ല്‍ മംഗലാപുരത്ത് കച്ചവട സ്ഥാപനമാരംഭിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ഇത് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 1965-66 കാലഘട്ടത്തിലാണ് കച്ചവടത്തിനായി വയനാട് കയറിയത്. മീനങ്ങാടിയിലെ എ.പി. സൂപ്പി ഹാജിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് മുറിയെടുത്ത് പലചരക്ക് കച്ചവടമാരംഭിച്ചു. എട്ടുവര്‍ഷത്തോളം മീനങ്ങാടിയില്‍ ഈ കച്ചവടം തുടര്‍ന്നു. തുടര്‍ന്നാണ് കച്ചവടം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

നാട്ടുകാരുമായി നല്ല സൗഹൃദവും ബന്ധവും കാത്തു സൂക്ഷിച്ച മോയിന്‍കുട്ടിയെന്ന കച്ചവടക്കാരന്‍ ചെറിയകാലം കൊണ്ട് തന്നെ മീനങ്ങാടിയുടെ പ്രിയപ്പെട്ട ബാപ്പുക്കയായി മാറി. മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പിതാവ് പി.സി അഹമ്മദ്കുട്ടി ഹാജിയുടെ പാത പിന്തുടര്‍ന്ന് മോയിന്‍കുട്ടിയും ജമനനസ്സ് വായിച്ചെടുക്കുന്ന രാഷ്ട്രീയക്കാരനായി ആദ്യ ചുവട് വെച്ചതും വയനാട് ജില്ലയിലെ തോട്ടം മേഖലയായ മീനങ്ങാടിയെന്ന ഗ്രാമത്തില്‍ നിന്നായിരുന്നു. മീനങ്ങാടിയിലെ കച്ചവടക്കാരനായിരുന്നുവെങ്കിലും അന്നാട്ടിലെ പൊതുകാര്യങ്ങളിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും മോയിന്‍കുട്ടി ഇടപെടുമായിരുന്നു. തോട്ടം തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ടായിരുന്നു മോയിന്‍കുട്ടി പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചത്.

മീനങ്ങാടിയില്‍ മുസ്ലിം ലീഗിന് അക്കാലത്ത് ഒട്ടും സ്വാധീനമുണ്ടായിരുന്നില്ല. സ്‌കൂള്‍, കോളേജ് പഠനകാലത്ത് എം.എസ്.എഫ് പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നുവെങ്കിലും നേതൃസ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുത്തിരുന്നില്ല. പഠന കാലത്ത് തന്നെ സംഘാടനത്തിലും നേതൃപാടവത്തിലും മോയിന്‍കുട്ടി മുന്നിട്ടു നിന്നിരുന്നു. മീനങ്ങാടിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിനായി അന്നത്തെ പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മോയിന്‍കുട്ടിയുടെ നേതൃപാടവം തിരിച്ചറിഞ്ഞ മീനങ്ങാടിയിലെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ പ്രാദേശിക കമ്മിറ്റികള്‍ ഉള്‍പ്പെടുത്തിയിരുന്നു. നന്നായി പ്രസംഗിക്കാനറിയുന്ന മോയിന്‍കുട്ടിയെ മീനങ്ങാടിയിലെ പ്രാദേശിക ലീഗ് നേതാവ് അതൃമാന്‍കുട്ടി ഹാജി നന്നായി പ്രോത്സാഹിപ്പിച്ചു. 

മുസ്ലിം ലീഗ് കണ്‍വെന്‍ഷനുകളിലും, കുടുംബസംഗമങ്ങളിലും, പൊതുയോഗങ്ങളിലും പ്രസംഗിക്കാന്‍ അവസരം ലഭിച്ചതോടെ മോയിന്‍കുട്ടി വയനാട്ടിലെ തിരക്കേറിയ പ്രഭാഷകരില്‍ ഒരാളായി മാറി.  വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍ പോവേണ്ടി വന്നതോടെ കട മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നു. ഇതിനിടെ മീനങ്ങാടിക്കടുത്ത് ഒരു മഹല്ലിലെ ഖബര്‍സ്ഥാന് അനുമതി ലഭിക്കാത്ത വിവരം മോയിന്‍കുട്ടിയെ അന്നാട്ടുകാര്‍ അറിയിച്ചു.  സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അടുത്ത സുഹൃത്തായ പിതാവ് പി.സി. ഹാജി മുഖേന സി.എച്ചിനെ  ഈ വിവരം അറിയിച്ചു. സി.എച്ച്് ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടതോടെ വയനാട്ടുകാര്‍ക്കിടയില്‍ മോയിന്‍കുട്ടിക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്.
 
ആഴ്ചയില്‍ ഒരിക്കല്‍ ചുരമിറങ്ങി നാട്ടിലെത്തുമ്പോള്‍ താമരശ്ശേരി കാരാടിയിലെ പാര്‍ട്ടി യോഗങ്ങളിലും മറ്റും സജീവമായി പങ്കെടുക്കുമായിരുന്നു. യോഗങ്ങളില്‍ നന്നായി പ്രസംഗിക്കുന്ന മോയിന്‍കുട്ടിയോട് പാര്‍ട്ടി നേതൃത്വത്തിനും വലിയ മതിപ്പായിരുന്നു. മികച്ച പ്രഭാഷകനായ മോയിന്‍കുട്ടി നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമാവാന്‍ തുടങ്ങിയതോടെ പാര്‍ട്ടി പദവികളും തേടിയെത്തി. മുസ്ലിം ലീഗ് കാരാടി യൂണിറ്റ് പ്രസിഡണ്ട്, ജന. സെക്രട്ടറി, താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മോയിന്‍കുട്ടിക്ക് പിന്നീട് രാഷ്ട്രീയ രംഗത്ത് ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പാതയില്‍ മാത്രമായിരുന്നു.