Asianet News MalayalamAsianet News Malayalam

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം; പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരം ഒരുങ്ങി

അഭിമന്യുവിനായി സിപിഎം ഒരുക്കിയ സ്മാരകം കൊവിഡ് സാഹചര്യം മാറിയ ശേഷം വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കും

Remembers of Abhimanyu On His Third Death Anniversary
Author
Kochi, First Published Jul 2, 2021, 4:30 AM IST

എറണാകുളം: മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറയ്ക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജസ് കോളേജിലെത്തിയ 19വയസ്സുകാരൻ വർഗീയത തുലയട്ടെ എന്നെഴുതി വച്ച ചുമരിന് മുന്നിലാണ് കുത്തേറ്റു മരിച്ചത്. കൈപിടിച്ച് കൂടെ നിന്നവൻ കൺമുന്നിൽ ഇല്ലാതായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അർജ്ജുന്. അഭിമന്യുവിനൊപ്പം കുത്ത് കൊണ്ട വ്യക്തിയാണ് അര്‍ജ്ജുന്‍.

അഭിമന്യുവുണ്ടായിരുന്നെങ്കിൽ ഡിഗ്രി പഠനം പൂർത്തിയാക്കി താൻ ഏറെ ഇഷ്ടപ്പെടുന്ന മഹാരാജസിലേക്ക് തന്നെ കെമിസ്ട്രിയിൽ പി ജി പഠിക്കാൻ എത്തിയേനെ എന്ന് വേദനയോടെ അര്‍ജ്ജുന്‍ പറയുന്നു. അവനുണ്ടായിരുന്നെങ്കില്‍ ഓൺലൈൻ ക്ലാസിന് ഉപകരണങ്ങൾ ഇല്ലാത്തവർക്കത് സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയേനെ,തന്‍റെ നാട്ടിലെ പോലെ റേഞ്ചിന് പുറത്തായ വിദ്യാർത്ഥികൾക്കായി അവൻ ശബ്ദമുയർത്തിയേനെയെന്നും കൂട്ടുകാര്‍ പറയുന്നു. 

അഭിമന്യുവിനെ പോലെ സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ടവർക്കാണ് കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തിൽ സൗകര്യം ഒരുക്കുന്നത്.പത്താം ക്ലാസ് കഴി‍ഞ്ഞ 30വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ച് പഠിക്കാം.എറണാകുളം സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാൽ കോടി രൂപ ചിലവിൽ സ്മാരകം നിർമ്മിച്ചത്. 

അതേ സമയം അഭിമന്യു കൊലപാതക കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണ്. അറസ്റ്റിലായ മുഴുവൻ പ്രതികളും എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios