തിരുവനന്തപുരം: മദ്യലഹരിയിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അമിതവേഗതയിൽ വണ്ടിപായിച്ച് ഉല്ലസിച്ചപ്പോള്‍ നഷ്ടമായത് ഒരു കുടുബത്തിന്‍റെ അത്താണിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന കെ എം ബഷീറെന്ന മാധ്യമപ്രവർത്തകനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ഇടിച്ചു തെറിപ്പിച്ചത്.

തെളിവുകള്‍ അട്ടിമറിക്കപ്പെട്ട കേസിൽ ഇനിയും കുറ്റപത്രം പോലും പ്രത്യേക അന്വേഷണ സംഘം നൽകിയിട്ടില്ല. 2019 ഓഗസ്റ്റ്  മൂന്നിന് രാത്രി 12.45നാണ് ഒരു നാടിനെയാകെ കരയിച്ച സംഭവം നടന്നത്. മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലോടിച്ച കാർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബഷീറിലേക്ക് മാത്രമല്ല, ഒരു കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളിലേക്കുമാണ്  വാഹനം ഇരമ്പിരകയറിയത്. മലപ്പുറം വാണിയന്നൂരെന്ന ഒരു ഗ്രാമത്തിൽ നിന്നാണ്  ബഷീർ ജോലിക്കായി തലസ്ഥാനത്തെത്തുന്നത്. സിറാജ് പത്രത്തിൻറെ യൂണിറ്റ് ചീഫായ ബഷീർ അന്നേ ദിവസം രാത്രി ജോലികളെല്ലാം  തീർത്ത് താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു.

കുടുബത്തിൻറെ മുഴുവൻ ഭാരവുമേറ്റിയിരുന്ന ആ ചെറുപ്പക്കാരന്‍റെ ജീവിതമാണ് മറ്റൊരാളുടെ അശ്രദ്ധകാരണം പൊലിഞ്ഞത്. നിയമം പാലിച്ച് മറ്റുള്ളവർക്ക്  മാതൃകയേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇവിടെ നിയമലംഘകനായത്. വായ്പയെടുത്ത് നാട്ടിൽ നിർമ്മിച്ച വീട്ടിൽ മൂന്നുമാസം പോലും  ബഷീറിന് താമസിക്കാനായില്ല.

രണ്ടു മക്കളും ഭാര്യയും വയസായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ കണ്ണീര്‍ ഇന്നും തോര്‍ന്നിട്ടില്ല. ശ്രീറാമിന് മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ രേഖപ്പെടുത്തി. പക്ഷേ പൊലീസിന്‍റെ അനാസ്ഥ കാരണം രക്തപരിശോധന വൈകി. മണിക്കൂറുകള്‍ക്ക് ശേഷം രക്തപരിശോധന നടത്തിയെങ്കിലും മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല.  പുലർച്ചെ നടന്ന അപകടത്തിന്‍റെ എഫ്ഐആർ ഇടുന്നത് രാവിലെ ഏഴുമണിക്ക് ശേഷം മാത്രം.

ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കി നൽകി. തലസ്ഥാനത്തെ പ്രധാനവീഥിയിലെ സിസിടിവി പ്രവർത്തിക്കാത്തിനാൽ അപകടം എങ്ങനെ നടന്നുവെന്നും ശ്രീറാമിന്റെ കാർ അമിതവേഗതയിലായിരുന്നോയെന്നും ശ്രീറാം കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മദ്യപിച്ച് ലക്ക് കെട്ടനിലയിലായിരുന്നോയെന്നുമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞില്ല.

തുടക്കം മുതൽ അട്ടിമറിക്കപ്പെട്ട കേസിൽ ഒടുവിൽ കുറ്റപത്രം വൈകിപ്പിച്ച് വീണ്ടും ബഷീറിന് നീതി നിഷേധിക്കുകയാണ് പൊലീസ്. ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ അപകടക്കേസ് എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ നല്ല ഉദാഹരണമാണ് ബിഷീന്റെ കൊലപാതകം.