തിരുവനന്തപുരം: സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പൊലീസായി കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷിയിൽ പെട്ട എംഎൽഎയുടെ തന്നെ കൈ തല്ലിയൊടിക്കുന്ന വിധത്തിലാണ് കേരളാ പൊലീസ് ഇടപെടുന്നത്. 

സ്വന്തം പാര്‍ട്ടിയിൽ പെട്ട എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ചിട്ടും പ്രതികരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ തയ്യാറാകുന്നില്ല. കാനത്തിന്‍റെ നിലപാട് അപഹാസ്യമാണ് . ആട്ടും തുപ്പും സഹിച്ച് എത്രകാലം ഇടത് മുന്നണിയിൽ തുടരുമെന്നും കാനം രാജേന്ദ്രനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിൽ എംഎൽഎ അടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.