തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണ്. എസ് എൻ സി ലാവ്ലിൻ കമ്പനി യിൽ 20 ശതമാനം ഷെയർ സി ഡി പി ക്യുവിന് ഉണ്ട്.  ലാവ്ലിന്‍റെ പ്രതിരൂപമാണ് സിഡിപിക്യു. ലാവ്ലിൻ കമ്പനിയെ സഹായിക്കാൻ എന്ത് പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മസാല ബോണ്ടിനെ കുറിച്ച് നിയമസഭയിൽ നടന്ന പ്രത്യേക ചര്‍ച്ചയിൽ  രമേശ് ചെന്നിത്തല ചോദിച്ചു. 

കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി .
ബോണ്ട് നേരത്തെ തന്നെ ക്യൂബ ക്ക് പ്രവിശ്യയിൽ പ്രൈവറ്റ് ഇഷ്യു ചെയ്ത് വിറ്റിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

തനിക്ക് കയറിൽ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. പ്രതിപക്ഷ നേതാവിനെ വിഢിയെന്നും മണ്ടനെന്നുമാണ് ധനമന്ത്രി വിളിച്ചത്. ഇത് നിലവാരമില്ലാത്ത നടപടിയാണെന്നും  രമേഷ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പണയപെടുത്തിയ ധനമന്ത്രി ആകും ഐസകെന്നും ചെന്നിത്തല ആരോപിച്ചു. 

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. 

കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.