തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു.

മരണകാരണം കൊവിഡല്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കരുതെന്ന നിര്‍ദ്ദേശമാണ് നിലവിലുള്ളതെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. കൊവിഡ് ബാധിച്ചാണ് മരണമെങ്കിൽ മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന മാർഗ്ഗനിർദ്ദേശമാണ് ഇപ്പോൾ നിലവിലുള്ളത്. മറ്റ് കേസുകളിൽ വിലക്കില്ല എന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയോ മാർഗ്ഗനിർദ്ദേശമോ പുറത്തിറക്കിയിട്ടില്ല.

അതിനാൽ, ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി, പ്രധാമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം,ബുധനാഴ്ച കുവൈറ്റില്‍ മരിച്ച മാവേലിക്കര, കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഹൃദയാഘാതവും, മസ്തിഷ്കാഘാതവുമായിരുന്നു മരണകാരണം. നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറ്റുന്നതിന് തൊട്ട് മുമ്പ് അനുമതിയില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. റാസല്‍ഖൈമയില്‍ മരിച്ച ഇന്ത്യക്കാരന്‍റെ മൃതദേഹവും
നാട്ടിലെത്തിക്കാനായിട്ടില്ല.