പാർട്ടി നിർദേശം തള്ളി സസ്പെൻഷനിലുള്ള പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ ശ്രമിക്കുന്നതിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. ഈ നീക്കവുമായി മുന്നോട്ട് പോയാൽ എംഎൽഎക്കെതിരെ പാർട്ടി നടപടി കടുപ്പിച്ചേക്കുമെന്നാണ് സൂചന
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കെ പി സി സിക്ക് കടുത്ത അതൃപ്തി. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുളള നീക്കവുമായി എം എൽ എ മുന്നോട്ടുപോയാൽ നേതൃത്വം നടപടി കടുപ്പിച്ചേക്കും. പ്രദീപിനെ സ്റ്റാഫാക്കണം എന്ന ആവശ്യവുമായി ഇന്നലെ രംഗത്തെത്തിയ രമ്യ, വൈകാതെ നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയേക്കുമെന്നാണ് സൂചന. രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു. പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം.
രമ്യയുടെ വെല്ലുവിളി
പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെ പി സി സി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എം എൽ എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു.
പാളയം പ്രദീപ് നേരത്തേ മുതൽ തൻ്റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്‍റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രമ്യയും ഇന്നലെ രാവിലെ പ്രദീപും പറഞ്ഞത് സ്റ്റാഫാണെന്നായിരുന്നു. പിന്നാലെ രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു. പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം.

