Asianet News MalayalamAsianet News Malayalam

'ഇത് ആലത്തൂരിന്‍റെ വാഹനം'; യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ അഭിമാനമെന്ന് രമ്യ

ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താന്‍.  കെെയില്‍ അഞ്ചിന്‍റെ പെെസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണെന്നും രമ്യ

remya haridas response in youth congress fund collection controversy
Author
Alathur, First Published Jul 20, 2019, 3:32 PM IST

ആലത്തൂര്‍: തനിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ പണപ്പിരിവ് വിവാദങ്ങള്‍ക്ക് കാരണമാകുമ്പോള്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മണ്ഡലത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തേണ്ടതെന്ന് രമ്യ പറഞ്ഞു. ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത്.

ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്.  ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്‍റെ ചുമതല. എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താന്‍.

യുവാക്കള്‍ ഒരുപാട് വിഷയങ്ങളില്‍ ആവലാതിയിലാണ്. കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‍സിക്ക് അടക്കം തയാറാകുമ്പോള്‍ അവിടെ ക്രമിനലുകള്‍ എത്തിപ്പെടുന്ന ആശങ്കയിലാണ് അവര്‍. ഈ സാഹചര്യത്തിലാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതെന്ന് രമ്യ പറഞ്ഞു. എംപിയെന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സുകളില്‍ നിന്നാണ് വാഹനത്തിന്‍റെ ഇന്ധനം അടക്കമുള്ള ചെലവുകള്‍ വഹിക്കാന്‍ സാധിക്കൂ.

remya haridas response in youth congress fund collection controversy

മറ്റ് ചെറു സഹായങ്ങളും ചെയ്യുന്നത് ലഭിക്കുന്ന ഇത്തരം അലവന്‍സുകളില്‍ നിന്നാണ്. കെെയില്‍ അഞ്ചിന്‍റെ പെെസ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്‍കിയ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്.

ഇപ്പോള്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ നല്‍കുന്ന സ്നേഹം കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ഭാഗമാണ് താന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ കോ-ഓര്‍ഡിനേറ്ററാണ്. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ നല്‍കുന്ന സമ്മാനം അത് ഏറെ അഭിമാനം നല്‍കുന്നതാണെന്നും വലിയ ഒരു അംഗീകാരമായാണ് അതിനെ കാണുന്നതെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് വ്യക്തമാക്കി.

ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍  യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച് പണപ്പിരിവ് നടത്തുന്നത്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടുന്നത്. 25ന് പിരിച്ച തുക പാര്‍ലമെന്‍റ് കമ്മിറ്റിയെ എല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ വിവാദവും തലപൊക്കി.

remya haridas response in youth congress fund collection controversy

എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. ആലത്തൂര്‍ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ്  യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ്  കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് ചോദിക്കുന്നത്.

ഒരു സര്‍പ്രെെസ് പോലെ എംപിക്ക് കാര്‍ വാങ്ങി നല്‍കാന്‍ ആയിരുന്നു തീരുമാനിച്ചത്. 1400 ലീഫ് ആണ് അച്ചടിച്ചിരിക്കുന്നത്. 1000 രൂപ അക്കത്തിലും അക്ഷരത്തിലും എഴുതി സീല്‍ പതിച്ചാണ് നല്‍കിയിരിക്കുന്നത്.  

'പെങ്ങളൂട്ടി'ക്ക് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ്; വിവാദങ്ങളും മറുപടിയും

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ്  കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില. ഓഗസ്റ്റ് ഒമ്പതിന് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് താക്കോല്‍ കെെമാറും. 

Follow Us:
Download App:
  • android
  • ios