റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചാനൽ ലൈസൻസ് കൈമാറ്റം ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹർജിയിലാണ് റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചത്.
എം വി നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടർമാർ. ചട്ടം മറികടന്നാണ് ചാനലിന്‍റെ ലൈസൻസ് കൈമാറിയത് എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. നിലവിലെ ഡയറക്ടർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നും സാബു എം ജേക്കബ് ഹർജിയില്‍ പറയുന്നത്. ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഹർജിയിൽ ലൈസൻസ് ഉടമ എം വി നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാനാണ് നിർദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നല്‍കി.
