കോഴിക്കോട്:  ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിന് പോയ യുവാവിന്‍റെ മരണത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെറുവണ്ണൂരിലെ ക്യാമ്പില്‍ നിന്നാണ്  കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പം പൊന്നത്ത് ലിനു (34) രക്ഷപ്രവര്‍ത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലേക്ക് വന്നതാണ്  ലിനു.  മരണവിവരം ലിനുവിന്റെ അമ്മയെയും അച്ഛൻ സുബ്രഹ്മണ്യനെയും എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു ഒപ്പമുള്ളവർ. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ക്യാമ്പിലെത്തിച്ചു. തൊട്ടടുത്ത് ചെറുവണ്ണൂർ ഗവ.എച്ച്എസിലെ ക്യാംപിലും ലിനുവിന്‍റെ അയൽവാസികളിൽ അനേകം പേരുണ്ട്. അവിടെയും പൊതുദർശനത്തിനു വച്ചു.