Asianet News MalayalamAsianet News Malayalam

പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; 36 പേർ ഇനിയും മണ്ണിനടിയിൽ

കവളപ്പാറയില്‍ നിന്ന് 29 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പുത്തുമല ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. 

rescue operation to be continued in rain affected areas
Author
Wayanad, First Published Aug 15, 2019, 6:03 AM IST

തിരുവനന്തപുരം: മഴ വന്‍ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചിൽ തുടരും. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ  തുടങ്ങും. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍. കവളപ്പാറയില്‍ നിന്ന് 29 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചിൽ നടത്തും.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല.  നാട്ടുകാർ പറഞ്ഞ സാധ്യതകൾക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയിൽ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. മനുഷ്യർ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയിലെ ഇന്നലത്തെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പരാജയപ്പെടുമെന്നാണ് നിഗമനം. നിർത്താതെ പെയ്യുന്ന മഴയിൽ ചതുപ്പായിക്കഴിഞ്ഞു ദുരന്തഭൂമി. മണ്ണുമാന്തിയന്ത്രങ്ങൾ പലപ്പോഴും ചതുപ്പിൽ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഏറ്റവുമൊടുവിൽ എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചിൽ നടത്താനാണ് ശ്രമം.

Also Read: പുത്തുമല ദുരന്തം നടന്നിട്ട് ഒരാഴ്ച; ഇന്നത്തെ തെരച്ചിലും വിഫലം, ഏഴ് പേർ ഇനിയും മണ്ണിനടിയിൽ

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 103 ആയി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട്. വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios