Asianet News MalayalamAsianet News Malayalam

പുത്തുമല ദുരന്തം നടന്നിട്ട് ഒരാഴ്ച; ഇന്നത്തെ തെരച്ചിലും വിഫലം, ഏഴ് പേർ ഇനിയും മണ്ണിനടിയിൽ

ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇതുവരെ നടത്തിയിട്ടില്ല.

puthumala rescue operation stop today
Author
Wayanad, First Published Aug 14, 2019, 8:59 PM IST

വയനാട്: പുത്തുമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടർച്ചയായ മൂന്നാം ദിനവും ഫലം കണ്ടില്ല. മൃതദേഹം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ഇതുവരെ നടത്തിയിട്ടില്ല.

ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. നാട്ടുകാർ പറഞ്ഞ സാധ്യതകൾക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയിൽ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. കോഴിക്കോട്ടെ വിദഗ്ധൻ വരച്ച ഭൂപടവും സ്ഥിതി മാറ്റാനിടയില്ലെന്ന് സബ് കളക്ടറും സമ്മതിക്കുന്നു.

സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. ഗ്രൗണ്ട് പെനി ട്രേറ്റിംഗ് റഡാറുകൾ കൊണ്ടുവരുമെന്ന് വയനാട് സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പരാജയപ്പെടുമെന്നാണ് നിഗമനം.

നിർത്താതെ പെയ്യുന്ന മഴയിൽ ചതുപ്പായിക്കഴിഞ്ഞു ദുരന്തഭൂമി. മണ്ണുമാന്തിയന്ത്രങ്ങൾ പലപ്പോഴും ചതുപ്പിൽ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഏറ്റവുമൊടുവിൽ എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചിൽ നടത്താനാണ് ശ്രമം.

Follow Us:
Download App:
  • android
  • ios