Asianet News MalayalamAsianet News Malayalam

മണ്ണിനടിയിലെ ജീവനുകള്‍ക്കായി പ്രതീക്ഷയോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാത്രി പത്തരയ്ക്കുണ്ടായ ദുരന്ത വിവരം പുറത്തറിഞ്ഞത് നേരം വെളുത്തതിന് ശേഷം മാത്രമാണ്. അപ്പോഴേക്കും ഏറെ വൈകി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു പെട്ടിമുടി.

rescue operations continue in rajamala
Author
rajamala, First Published Aug 8, 2020, 1:53 PM IST

ഇടുക്കി: രാജമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി എന്‍ഡിആര്‍എഫിന്‍റെ 58 അംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. പാറകൾ നിറഞ്ഞ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ആറ് മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തമുഖത്ത് നിർത്താതെ ജോലിചെയ്യുന്നത്. മണ്ണിനടിയിലെ ജീവനുകൾ കണ്ടെത്താൻ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളെ ആശ്രയിക്കാനാണ് തീരുമാനം.

ദുരന്ത വിവരം അറിയാൻ വൈകിയത് മുതൽ ഏറെ ദുഷ്‍കരമായിരുന്നു രാജമലയിലെ രക്ഷാപ്രവർത്തനം. ചാറ്റൽ മഴയിൽ ദുരന്തഭൂമി ചതുപ്പായി മാറിയാൽ മണ്ണുമാന്തി യന്ത്രങ്ങളും ബുദ്ധിമുട്ടും. പ്രതിസന്ധികളെ അതിജീവിക്കാൻ പരിചയ സമ്പന്നരായ സംഘത്തെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചതെന്ന് എന്‍ഡിആര്‍എഫ് മേഖലാ ഐജി രേഖാ നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാത്രി പത്തരയ്ക്കുണ്ടായ ദുരന്ത വിവരം പുറത്തറിഞ്ഞത് നേരം വെളുത്തതിന് ശേഷം മാത്രമാണ്. അപ്പോഴേക്കും ഏറെ വൈകി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു പെട്ടിമുടി. രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തിയവർ മണ്ണടിഞ്ഞ് കിടന്ന പെരിയവര പാലത്തിന് മുന്നിൽ ആദ്യം പകച്ചു. മറ്റ് വഴികളിലൂടെ എത്തിയപ്പോൾ മൊബൈലിന് റേയ്ഞ്ചില്ല. 

വിവരങ്ങൾ അപ്പപ്പോൾ പുറത്തെത്തിക്കാൻ മൊബൈൽ ടവർ സ്ഥാപിക്കേണ്ടി വന്നു. വലിയ പാറകൾ വന്നടിഞ്ഞ ദുരന്തഭൂമിയിൽ ഹിറ്റാച്ചികൾ ഇറക്കി. ചാറ്റൽ മഴയിൽ പ്രദേശം ചതുപ്പായി മാറിയാൽ ഹിറ്റാചികളും ബുദ്ധിമുട്ടുമെന്നാണ് കഴിഞ്ഞ വർഷം പുത്ത് മലയിൽ കണ്ടത്. തകരഷീറ്റുകൾ നിരത്തി നടക്കേണ്ട അവസ്ഥ പോലും പെട്ടിമലയിലുണ്ടായി. പ്രതിസന്ധികളെ അനുഭവ പരിചയം കൊണ്ട് മറികടക്കാമെന്ന ആത്മവിശ്വാസം എന്‍ഡിആര്‍എഫിന് ഉണ്ട്. 

എത്രയും വേഗം കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിനായി വിദഗ്‍ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios