Asianet News MalayalamAsianet News Malayalam

പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം ആരംഭിച്ചു

ഇന്നലെ ഇവിടേക്ക് പോകാൻ ശ്രമിച്ച രക്ഷാപ്രവർത്തകർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത് മണ്ണ് നീക്കുവാൻ ശ്രമിക്കും തോറും വീണ്ടും റോഡിടിയുകയാണെന്നായിരുന്നു.

rescue operations resume at puthumala
Author
Wayanad, First Published Aug 9, 2019, 7:34 AM IST

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ദൗത്യ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും റോഡിലെ തടസങ്ങൾ നീക്കി മുന്നോട്ട് പോകുകയാണ് ഇപ്പോൾ. എംഎൽഎ സി കെ ശശീന്ദ്രനും സബ് കളക്ടറും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ദുരന്തമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 40 അംഗ രക്ഷാ പ്രവർത്തക സംഘമാണ് ഇപ്പോൾ പുത്തുമലയിൽ എത്തിയത്.

ഇന്നലെ ഇവിടേക്ക് പോകാൻ ശ്രമിച്ച രക്ഷാപ്രവർത്തകർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത് മണ്ണ് നീക്കുവാൻ ശ്രമിക്കും തോറും വീണ്ടും റോഡിടിയുകയാണെന്നായിരുന്നു.

" ജെസിബി വച്ച് മണ്ണ് മാറ്റുതോറും കൂടുതൽ ഇടിയുകയാണ്, ആർക്കും അങ്ങോട്ട് പോകാൻ പറ്റുന്നില്ല. എത്ര പേർ അപകടത്തിൽപ്പെട്ടെന്നറിയില്ല. കറന്‍റില്ലാത്തതിനാൽ ആരെയും ബന്ധപ്പെടാനും കഴിയുന്നില്ല ". തുടർ ഉരുൾപൊട്ടലുകൾ ഉണ്ടായതായും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പറയുന്നു. 

പത്ത് പേരെയാണ് ഇന്നലെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നത് ഇവരിൽ 9 പേർ ആശുപത്രിയിൽ തുടരുകയാണ് ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തിന്‍റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പ്രാഥമിക സൂചനകള്‍ അനുസരിച്ച് വന്‍ നാശനഷ്ടമാണ് പുത്തുമലയില്‍ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.  

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.

ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. 

Follow Us:
Download App:
  • android
  • ios