കുളച്ചൽ സ്വദേശി അലക്സാണ്ടറും ഇദ്ദേഹത്തിന്റെ അമ്മാവനുമാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് ദാസും മരിച്ചു

കാസർകോട്: വിദേശ കപ്പലിടിച്ച് തകർന്ന ബേപ്പൂർ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റ്‌ഗാർഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്. 

Add Asianetnews as a Preferred SourcegooglePreferred

കുളച്ചൽ സ്വദേശി അലക്സാണ്ടറും ഇദ്ദേഹത്തിന്റെ അമ്മാവനുമാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് ദാസും മരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള സുനിൽ ദാസ്, രാമേശ്വരം സ്വദേശി വേൽമുരുകൻ (37) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവൻ വെൻലോക് ആശുപത്രിയിൽ ചികിത്സയിലാണ്. മം​ഗലാപുരം തീരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വച്ചാണ് വിദേശ കപ്പൽ ബോട്ടിൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്. 

ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എപിഎൽ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോട്ടിൽ ഇടിച്ചതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പൽ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്. 

ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബം​ഗാൾ, ഒഡീഷ സ്വദേശികളുമാണ്. ബോട്ടിൽ മലയാളികൾ ആരും ഉണ്ടായിരുന്നില്ല. ഞായാറാഴ്ച രാത്രിയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. 10 ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താൻ നിശ്ചയിച്ചാണ് ഇവർ പുറംകടലിലേക്ക് പോയത്. കാണാതായവർക്കായി കോസ്റ്റ് ​ഗാർഡിന്റെ രാജ്​ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്.