കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിർന്നവരും 10 കുട്ടികളും  6 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. 

പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന്  ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. തകര്‍ന്ന വിമാനത്തിനിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ദുബായിയിൽ നിന്ന് അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്ന  എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. 

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിച്ച വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. റൺവേയുടെ പകുതി പിന്നിട്ടശേഷമാണ് വിമാനത്തിന്‍റെ പിറകിലുത്തെ ചക്രങ്ങൾ ലാൻഡ് ചെയ്തത്. അവിടെ നിന്ന് 25 മീറ്റർ നീങ്ങിയ ശേഷമാണ് മുൻ ചക്രം നിലത്തു തൊട്ടത്. ആ ഘട്ടത്തിലാണ് റൺവേയിൽ ഏറെ മുന്നോട്ടു നീങ്ങിയാണ് വിമാനം ലാൻഡ് ചെയ്തതെന്ന് പൈലറ്റിന് മനസിലായത്. തുടർന്ന് വിമാനം നിയന്ത്രിക്കാൻ ശ്രമം നടത്തി. ഈ ഘട്ടത്തിൽ വിമാനം മുന്നോട്ടു നീങ്ങി തെന്നി മാറി മതിൽ തകർത്ത് പുറത്തേക്ക് പോയി എന്നാണ് കരുതുന്നതെന്നാണ്  എയർ ഇന്ത്യാ എക്സ് പ്രസ് അധികൃതരുടെ അനൗദ്യോഗികമായി അപകടത്തേക്കുറിച്ച് വിശദീകരിക്കുന്നത്.