പത്തനംതിട്ട: ഇരുപത്തിയൊന്നുകാരി രേഷ്മ മറിയം റോയിയെ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റാക്കാൻ സിപിഎം തീരുമാനം. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. 

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺ​ഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയം​ഗവുമാണ് രേഷ്മ.