കൊച്ചി: കശ്മീരിന്റെ കാര്യത്തിൽ സർക്കാർ അല്ല രാഷ്ട്രമാണ് പരാജയപ്പെട്ടതെന്ന് ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥനാൻ കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണ്. 

തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കൊച്ചിയിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഏർപ്പെടുത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

പിന്നീട് രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്‍റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിരുന്നു. 19 ദിവസമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങൾ ഇല്ലാതായിട്ട്. ജമ്മു കശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്.

മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുകയെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.