തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്. 

രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയിൽ പ്രമേയം വരുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം. നിയമസഭയിൽ പ്രമേയം പാസാക്കി പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്‍റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

കേന്ദ്രത്തിന്‍റെത് മത രാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിൽ ഉണ്ടാകില്ല. അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

വീഡിയോ കാണാം: 

"

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാൽ എതിര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിന്‍റെ അവസാന ഭാഗത്ത് വ്യക്തത കുറവുണ്ടെന്ന് കെസി ജോസഫ് പറഞ്ഞു. വലിയ വിഭാഗത്തെ ബാധിക്കുന്ന, മതാടിസ്ഥാനത്തിൽ വേര്‍തിരിവ് ഉണ്ടാക്കുന്ന നിയമം റദ്ദാക്കാൻ നടപടി  സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ  പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും വരെ 2019 ലെ പൗരത്വ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം കൂടി കൂട്ടിച്ചേര്‍ക്കണമെന്നും പ്രതിപക്ഷത്തിന് വേണ്ടി കെസി ജോസഫ് കൂട്ടിച്ചേര്‍ത്തു.  

പതിനെട്ട് പേരുടെ പാനലാണ് പ്രമേയാവതരണത്തിന് ശേഷം നിയമസഭയിൽ സംസാരിക്കുന്നത്.