Asianet News MalayalamAsianet News Malayalam

കാർഷിക നിയമത്തിനെതിരെ പ്രമേയം: ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു

resolution against farmers law
Author
Thiruvananthapuram, First Published Dec 31, 2020, 9:34 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ കാർഷിക നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവിൻ്റെ അഭാവത്തിൽ കെസി ജോസഫാണ് കോണ്ഗ്രസിൽ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. പ്രമേയത്തിൽ മൂന്ന് നിയമഭേദഗതികളും കെസി ജോസഫ് നിർദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. 

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറിയിൽ വിപണിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറ‍ഞ്ഞു.  കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

പ്രമേയത്തിൻ്റെ അടിസ്ഥാന ആശയത്തെ പിന്തുണയ്ക്കുന്നതായും എന്നാൽ ഇതിൽ ഭേദ​ഗതി വേണമെന്നും കോൺ​ഗ്രസിനെ പ്രതിനിധീകരിച്ചു സംസാരിച്ച കെസി ജോസഫ് ആവശ്യപ്പെട്ടു. സാധാരണ കൃഷിക്കാരുടെ ആശ്രയമായ മണ്ടി സംവിധാനത്തെ പുതിയ നിയമം തകർക്കും എന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണം. പ്രധാനമന്ത്രി ചർച്ചക്ക് പോലും തയ്യാറാകാത്തതിൽ പ്രതിക്ഷേധം അറിയിക്കണമെന്നും പ്രമേയത്തിൽ ചർച്ചക്ക് പോലും തയ്യാറാവാതിരുന്ന  പ്രധാന മന്ത്രിയെ വിമർശിക്കണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു. 

പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാൻ വിസമ്മതിച്ച ​ഗവ‍ർണർക്കെതിരേയും രൂക്ഷവി‍മർശനമാണ് കോൺ​ഗ്രസ് നടത്തിയത്. ഡിസംബർ 23- നു ചേരേണ്ട സഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് ശരിയായില്ല. ഗവർണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നുവെന്നും എന്നാൽ സർക്കാരിൽ നിന്നും തണുത്ത പ്രതികരണമാണ് ​ഗവർണറുടെ നടപടിയോട് ഉണ്ടായത്. 

ക്രിസ്മസ് കേക്കുമായി മന്ത്രിമാർ ഗവർണ്ണറുടെ കാല് പിടിക്കാൻ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. നൂറു ദിവസം മുൻപാണ് കേന്ദ്രം നിയമം പാസ്സാക്കിയത്. എന്നിട്ട് ഇപ്പോൾ മാത്രമാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഈ നിയമം കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ നിയമനി‍ർമ്മാണം നടത്തുകയാണ് കേരളം ചെയ്യേണ്ടതെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു. 

ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ പ്രമേയം പാസാക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കും. എങ്കിലും നിയമസഭയിലെ ബാക്കി മുഴുവൻ എംഎൽഎമാരുടേയും പിന്തുണയോടെ പ്രമേയം പാസാവും. കൊവിഡ് ബാധയെ തുട‍ർന്ന് നിരീക്ഷണത്തിലായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. വിഎസ് അച്യുതാനന്ദൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എന്നിവരും സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. 

Follow Us:
Download App:
  • android
  • ios