Asianet News MalayalamAsianet News Malayalam

'കേരളാ ബദല്‍ ദേശീയ തലത്തിലും വേണം'; പ്രകീര്‍ത്തിച്ച് പ്രമേയം, സ്വയം വിമര്‍ശനപരമായ റിപ്പോര്‍ട്ടെന്ന് കാരാട്ട്

പാര്‍ട്ടി കോണ്‍​ഗ്രസില്‍ അവതരിപ്പിച്ചത് സ്വയം വിമര്‍ശനപരമായ റിപ്പോര്‍ട്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 

Resolution at the CPIM Party Congress praising the alternative policy in Kerala
Author
Kannur, First Published Apr 9, 2022, 3:47 PM IST

കണ്ണൂര്‍: പാർട്ടി കോൺഗ്രസിൽ (CPM Party Congress) കേരള ഘടകത്തിന്‍റെ അപ്രമാദിത്തം വ്യക്തമാക്കി സംസ്ഥാന സർക്കാരിനെ പുകഴ്ത്തുന്ന പ്രത്യേക പ്രമേയം. കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാരിന്‍റെ നേട്ടം രാജ്യവ്യാപകമായി ഉയർത്തിക്കാട്ടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഒരു സംസ്ഥാനത്തെ മാതൃക മറ്റൊരു സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്ന ബംഗാൾ ഘടകത്തിന്‍റെ വാദം തള്ളിയാണ് പ്രമേയം.

പാർട്ടി കോൺഗ്രസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ട് ചൂണ്ടിക്കാണിച്ച കേരള മാതൃക കരട് രാഷ്ട്രീയപ്രമേയ ചർച്ചയിലും കേരളം ഉയർത്തിക്കാട്ടിയിരുന്നു. ഓഖി,നിപ്പാ, പ്രളയം കൊവിഡ് തുടങ്ങിയ പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ സഹായിച്ചു. ഭരണ തുടർച്ചയ്ക്കും പാർട്ടിയുടെ പൊതു സ്വീകാര്യതയ്ക്കും ഇത് കരുത്തേകി. സംസ്ഥാനത്തിന് അനുവദിക്കുന്ന വിഹിതത്തിലടക്കം കേന്ദ്രം മുഖം തിരിക്കുമ്പോഴായിരുന്നു ഇടത് സർക്കാർ ജനങ്ങൾക്കൊപ്പം നിന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയതിനൊപ്പം ജനങ്ങളെ സ്പർശിക്കുന്ന പദ്ധതികൾ നടപ്പാക്കിയതും ഇടത് സർക്കാരിനെ തിരികെ കൊണ്ടുവരാനിടയാക്കി. നാടിന്‍റെ ജീവിത നിലവാരമുയർത്തുന്ന പദ്ധതികൾ രാജ്യത്താകെ ഇടതുപക്ഷത്തിന് അഭിമാനമാണെന്നും പ്രമേയം പറയുന്നു. 

കേരളത്തിൽ നടപ്പാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കണമെന്നാണ് പ്രമേയത്തില്‍ നിർദ്ദേശിക്കുന്നത്. എന്നാൽ കേരള മാതൃക രാഷ്ട്രീയ ലൈനാക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ഒരു സംസ്ഥാനത്തെ മാതൃക മറ്റൊരു സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. അടിസ്ഥാന പദ്ധതികളെ പ്രകീർത്തിക്കുമ്പോഴും വിവാദമായ സിൽവർ ലൈനെപ്പറ്റി പ്രമേയം മൗനം പാലിച്ചു.

അതേസമയം സ്വയം വിമര്‍ശനപരമായ റിപ്പോര്‍ട്ടെന്നായിരുന്നു പ്രകാശ് കാരാട്ടിന്‍റെ പ്രതികരണം. കേന്ദ്രഘടകത്തിനുള്ള വിമര്‍ശനവും റിപ്പോര്‍ട്ടിന്‍റെ ഭാ​ഗമാണ്. ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട രാജ്യത്തിന് അപകടകരമാണ്. സിപിഎം എതിർപ്പ് തുടരും. ഇസ്ലാം മൗലികവാദം രാജ്യത്ത് ഭൂരിപക്ഷമായാലും സിപിഎം എതിർക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

  • സഖ്യ സാധ്യത സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്; സിപിഎം അംഗ സഖ്യയിൽ കുറവ് വന്നിട്ടുണ്ടെന്നും പ്രകാശ് കാരാട്ട്

കണ്ണൂർ: ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട (Hindutva)  രാജ്യത്തിന് അപകടകരമാണ് എന്ന് സിപിഎം (CPM)  നേതാവ് പ്രകാശ് കാരാട്ട് (Prakash Karat) . ഇതിനോടുള്ള എതിർപ്പ് സിപിഎം തുടരും. ഇസ്ലാം മൗലികവാദം രാജ്യത്ത് ഭൂരിപക്ഷമായാലും സി പി എം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലേത് അവിടുത്തെ മാത്രം സഖ്യമാണ്. ദേശീയതലത്തിൽ മുന്നണിക്ക് ഇടമില്ല. പശ്ചിമബംഗാളിൽ കോൺ​ഗ്രസുമായി നീക്കുപോക്കിനാണ് പാർട്ടി അനുമതി നൽകിയത്. എന്നാൽ അവിടെയത് സഖ്യമായി. തമിഴ്നാട്ടിൽ ഡിഎംകെയുമായും ബിഹാറിൽ ആർജെഡിയുമായുമാണ് സഖ്യം. പശ്ചിമ ബംഗാളിൽ ബിജെപിയോടും തൃണമൂലിനോടുമാണ് പോരാട്ടം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യ സാധ്യത. 

ഹിന്ദിയിൽ ആശയ വിനിമയം വേണമെന്ന അമിത് ഷായുടെ പ്രസ്താവനയിലും പ്രകാശ് കാരാട്ട് പ്രതികരിച്ചു. എല്ലാ ഭാഷകൾക്കും ഭരണഘടന നൽകുന്ന തുല്യപരിഗണന വേണമെന്നാണ് സി പി എം നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോയിലെ ദലിത് പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നാളെ വൈകിട്ട് വരെ കാത്തിരിക്കൂ എന്നാണ് പ്രകാശ് കാരാട്ടിന്റെ മറുപടി. 

സിപിഎം അംഗ സഖ്യയിൽ കുറവ് വന്നിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 22,146 അംഗങ്ങൾ പാർട്ടിയിൽ കുറഞ്ഞു. സ്വയം വിമർശനപരമായ സംഘടനാ റിപോർട്ട് ആണ് പാർട്ടി കോൺ​ഗ്രസിൽ അവതരിപ്പിച്ചത്. ഇതിന്മേൽ ചർച്ച തുടരുകയാണ്. സംസ്ഥാനങ്ങളുടെ മാത്രമല്ല, കേന്ദ്ര ഘടകത്തിൻ്റെ വിമർശനവും റിപ്പോർട്ടിൻ്റെ ഭാഗമായിട്ടുണ്ട്. കേരളത്തിലെ ബദൽ നയത്തെ പ്രകീർത്തിച്ച് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ ബദലിനുദാഹരണമാണ് കേരളത്തിൽ നടപ്പാക്കിയ നയമെന്നും ഇത് ദേശീയതലത്തിൽ പ്രചരിപ്പിക്കണമെന്നും പ്രമേയം പറയുന്നു. 

Follow Us:
Download App:
  • android
  • ios