Asianet News MalayalamAsianet News Malayalam

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി-ലിറ്റ് നല്‍കാന്‍ നീക്കം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം

ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.

Resolution in Calicut to grant doctorate to Kanthapuram and Vellapally Natesan
Author
First Published Sep 7, 2022, 6:09 AM IST

മലപ്പുറം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി. പ്രമേയത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയം. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണം എന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ഇ അബ്ദുറഹീം വിസിയുടെ മുൻ‌കൂർ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു. വിസിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങൾ  വിയോജിപ്പ് പ്രകടിപ്പിച്ചു.

ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ്‍വ് ഉള്ളവരാണ്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക്  പ്രമേയം നൽകാൻ തീരുമാനമായി. മൂന്ന് പേരടങ്ങുന്നതാണ് കമ്മിറ്റി. ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും. സർക്കാരിന്റെ താല്പര്യപ്രകാരമാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് ബഹുമതി നൽകാനുള്ള  പ്രമേയം വി സിയുടെ മുൻ‌കൂർ അനുമതിയോടെ  കൊണ്ടു വന്നതെന്ന  ആക്ഷേപവും ഉയരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios