Asianet News MalayalamAsianet News Malayalam

'ജനങ്ങളോടുള്ള ആദരം പ്രതിനിധിയെ കാണെക്കാണെ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നതിലല്ല'; വിമർശനവുമായി കെകെ രമ

സല്യൂട്ട് ലഭിച്ചില്ലെന്ന മേയറുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെകെ രമ എംഎൽഎ. ജനാധിപത്യബോധ പരിണാമത്തിന്റെ പരിമിതികളാണ് ഇത്തരത്തിൽ പരസ്യമാകുന്നതെന്ന് രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

Respect for the people is not in saluting the representative KK Rema with criticism
Author
Kerala, First Published Jul 3, 2021, 4:42 PM IST

കോഴിക്കോട്: സല്യൂട്ട് ലഭിച്ചില്ലെന്ന മേയറുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെകെ രമ എംഎൽഎ. ജനാധിപത്യബോധ പരിണാമത്തിന്റെ പരിമിതികളാണ് ഇത്തരത്തിൽ പരസ്യമാകുന്നതെന്ന് രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫ്യൂഡൽ കൊളോണിയൽ അധികാര ബോധങ്ങളും ബന്ധങ്ങളും ജനാധിപത്ത്യ രീതിയിൽ നവീകരിക്കപ്പെടണം.

ജനപ്രതിനിധികൾക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതിൽ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി അവരുടെ പ്രതിനിധികൾ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള  സർവ്വ ജനാധിപത്യ ഇടങ്ങളിലും അവർക്ക് നൽകേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണെന്നും രമ ഓർമിപ്പിച്ചു.

യാന്ത്രിക ഉപചാരങ്ങൾ അധികാരം കൊണ്ട് പിടിച്ചുവാങ്ങിയതിൻറെ പേരിലല്ല, ഫ്യൂഡൽ കൊളോണിയൽ അധികാരബോധങ്ങളെ പൊളിച്ചുകളഞ്ഞതിൻറെ പേരിൽ നമ്മുടെ പൊതുജീവിതങ്ങൾ ബഹുമാനിതമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ജനാഭിലാഷങ്ങൾക്കൊപ്പം നിന്നതിനും ജനങ്ങൾക്കായി പൊരുതിയതിനും നമ്മുടെ പൊതുജീവിതങ്ങൾ  ജനങ്ങളാൽ  സ്വമേധയാ  ആദരിക്കപ്പെടട്ടെയെന്നും രമ കൂട്ടിച്ചേർത്തു.

രമയുടെ കുറിപ്പിന്റെ പൂർണരൂപം

ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് കിട്ടാത്തതിൻറെ പരാതിയും പരിഭവവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ നമ്മുടെ ജനാധിപത്യബോധ്യങ്ങളും  ജനപ്രാതിനിധ്യബോധങ്ങളുമെല്ലാം ഇക്കാലം കൊണ്ട് നടന്നെത്തിയ ഇടങ്ങളുടെ പരിമിതികൾ കൂടിയാണ് ഖേദകരമാം വിധം പരസ്യമാവുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്  മുക്കാൽ നൂറ്റാണ്ട് പ്രായമായിട്ടുണ്ട്. 

ഫ്യൂഡലും കൊളോണിയലുമായ അധികാരബോധങ്ങളെയും അധികാര ബന്ധങ്ങളേയും പുതുക്കാനും പുറന്തള്ളാനും കുടഞ്ഞെറിയാനുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ കൂടി പേരാണ് ജനാധിപത്യമെന്ന് നമ്മെ നയിക്കുന്നവരെങ്കിലും ഇനി എന്നാണ്  തിരിച്ചറിയുക ?

ജനപ്രതിനിധികൾക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതിൽ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി അവരുടെ പ്രതിനിധികൾ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള  സർവ്വ ജനാധിപത്യ ഇടങ്ങളിലും അവർക്ക് നൽകേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണ് . തീർച്ചയായും അത് ജനാധിപത്യം ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത  അവകാശമാണ്. അതിനപ്പുറമുള്ള ആചാരോപചാരങ്ങളെക്കുറിച്ചുള്ള വ്യക്തിഗതമായ ഉത്കണ്ഠകളും  പരിദേവനങ്ങളും നമ്മുടെ ജനപ്രാതിനിധ്യ പദവികളെ ചെറുതാക്കിക്കളയും.

മേലാളനെ കാണുമ്പോൾ  തലയിൽകെട്ടഴിച്ച് കുനിഞ്ഞുനിൽക്കേണ്ടുന്ന അധികാരവ്യവസ്ഥയുടെ പേരാണ് ജനാധിപത്യമെന്ന തെറ്റിദ്ധാരണകൾക്ക് ഭരണനടപടികൾ വഴി തന്നെ തിരുത്തലുകളുണ്ടാവേണ്ടതുണ്ട്. സൂര്യനസ്തമിക്കാത്ത സല്യൂട്ടടികളിലൂടെ  ജനപ്രാതിനിധ്യ  ജീവിതം പുളകിതമാകണമെന്ന ആഗ്രഹങ്ങൾ നമ്മുടെ  ജനാധിപത്യ അധികാരബോധങ്ങളിൽ കൊടിയിറങ്ങാതെ ഇപ്പോഴും അവശേഷിക്കുന്നുവെങ്കിൽ തീർച്ചയായും അവർക്ക് യാഥാർത്ഥ്യബോധത്തിലേക്ക് വെളിച്ചം ചൂണ്ടേണ്ടതും ജനാധിപത്യത്തിൻറെ തന്നെ  ബാധ്യതയാവുന്നു. ജനങ്ങൾ അവരുടെ ബഹുവിധ ജീവിതസേവനങ്ങൾക്ക് ശമ്പളം നൽകി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഊർജ്ജം ഏതെങ്കിലും അധികാരികളെ സല്യൂട്ടടിച്ച് ദുർവ്യയം ചെയ്യേണ്ടതല്ലെന്ന് നമ്മുടെ ജനാധിപത്യം ഒറ്റക്കെട്ടായി തീരുമാനിക്കേണ്ടതുണ്ട്.  

ഉദ്യോഗസ്ഥ ശ്രേണിയിലെ നാടുവാഴിത്ത , ബ്രിട്ടീഷ് രാജ് ശേഷിപ്പുകൾ തന്നെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിന് മാതൃകയാവണം ജനപ്രതിനിധികളടക്കമുള്ള പൊതു പ്രവർത്തകർ. യാന്ത്രിക ഉപചാരങ്ങൾ അധികാരം കൊണ്ട് പിടിച്ചുവാങ്ങിയതിൻറെ പേരിലല്ല, ഫ്യൂഡൽ കൊളോണിയൽ അധികാരബോധങ്ങളെ പൊളിച്ചുകളഞ്ഞതിൻറെ പേരിൽ നമ്മുടെ പൊതുജീവിതങ്ങൾ ബഹുമാനിതമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ജനാഭിലാഷങ്ങൾക്കൊപ്പം നിന്നതിനും ജനങ്ങൾക്കായി പൊരുതിയതിനും നമ്മുടെ പൊതുജീവിതങ്ങൾ  ജനങ്ങളാൽ  സ്വമേധയാ  ആദരിക്കപ്പെടട്ടെ.- കെ.കെ രമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios