Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, വിധിയിൽ സംതൃപ്തരാണ്, ആശ്വാസം, പ്രതീക്ഷിച്ച വിധി'; രൺജിത്തിന്റെ ഭാര്യയും അമ്മയും

'പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്.' 

response  mother and wife  ranjith sreenivasan murder case sts
Author
First Published Jan 30, 2024, 12:06 PM IST

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. വിധിയിൽ സംതൃപ്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യപ്രതികരണം. 'പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. എങ്കിലും ഭ​ഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അത് ഞങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. ഭ​ഗവാന്റെ വിധി വേറെയുണ്ട്, അത് വെച്ചിട്ടുണ്ട്.' രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.  

കോടതിവിധിയിൽ സംതൃപ്തരാണെന്നും കോടതി വിധി രക്ഷിച്ചു എന്നുമാണ് രൺജിത് ശ്രീനിവാസന്റെ അമ്മയുടെ വാക്കുകൾ. വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. 'സത്യസന്ധമായ കാര്യങ്ങൾ അന്വേഷിച്ച് കോടതിയിലെത്തിച്ച ഒരു ടീമുണ്ട്. ഡിവൈഎസ്പി ജയദേവ് സാറും അദ്ദേഹത്തിന്റെ ടീമും. അദ്ദേഹത്തിന് നന്ദി. കൂടാതെ പ്രോസിക്യൂഷൻ. പ്രോസിക്യൂട്ടറുടെ പരിശ്രമത്തിന് നന്ദി പറഞ്ഞ് വിലയിടാൻ പറ്റില്ല. അത്യപൂർവമായ കേസ് തന്നെയാണിത്. വെറുമൊരു കൊലപാതകം എന്ന് എഴുതിത്തള്ളാൻ പറ്റില്ല. വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചുവെച്ചത്. അത് കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്. അത്യപൂർവം തന്നെയാണിത്. എല്ലാവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റില്ല.' രൺജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു. 

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ്  ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികള്‍
1. നൈസാം
2.അജ്മൽ
3. അനൂപ്
4. മുഹമ്മദ് അസ്ലം
5. സലാം പൊന്നാട്
6. അബ്ദുൽ കലാം
7. സഫറുദ്ദീൻ
8. മുൻഷാദ്
9. ജസീബ് രാജ
10. നവാസ്
11. ഷമീർ
12. നസീർ
13. സക്കീർ ഹുസൈൻ
14. ഷാജി പൂവത്തിങ്കൽ
15. ഷെർണാസ് അഷ്റഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios