Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പെന്ന് ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിട്ടില്ല: കെ സുരേന്ദ്രന്‍

കഴിഞ്ഞ പ്രളയത്തില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

responsible persons not saying against CMDRF: K surendran
Author
Thiruvananthapuram, First Published Aug 11, 2019, 10:22 PM IST

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതി മന്ത്രിയും വാളെടുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഉത്തരവാദപ്പെട്ടവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും വകമാറ്റി ചെലവഴിച്ചെന്നും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം 500 കോടി മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് പറഞ്ഞവരാണ് ഇപ്പോഴും കള്ളപ്രചാരവേല നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കിട്ടിയ ദുരിതാശ്വാസനിധിയില്‍നിന്ന് പകുതിയേ ചെലവഴിച്ചുള്ളൂവെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ പ്രളയത്തില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവൻ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്.

കഴിഞ്ഞ വർഷം കിട്ടിയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സർക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്പുകളിലും സഹായിക്കുന്നുണ്ട്.

കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ ജനങ്ങൾ ദുരിതത്തിലാവുമ്പോൾ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നു? കണക്കുകൾക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്.

Follow Us:
Download App:
  • android
  • ios