തിരുവനന്തപുരം: അടിമലത്തുറയിലെ ഊരുവിലക്കില്‍ ഇടപെടുമെന്ന് വനിതാകമ്മീഷന്‍. അടിമലത്തുറയിൽ ഭൂമി കച്ചവടം അടക്കം നടത്തിയ വൈദികന്‍റെ നടപടികളെ ചോദ്യം ചെയ്തതിനാണ് മത്സ്യത്തൊഴിലാളി കുടുംബത്തെ ലത്തീന്‍ പള്ളിക്കമ്മിറ്റി ഊരുവിലക്കിയത്. കുടുംബത്തിന് സംരക്ഷണമൊരുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ഊരുവിലക്കിനെ തുടര്‍ന്ന് ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം. 

ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി മാറുകയായിരുന്നു. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സയ്ക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. 

ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനാണെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി  നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും.