കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നിയന്ത്രിത മേഖലകളാക്കി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ പൊതുജനങ്ങള്‍ക്ക് ഹാര്‍ബറുകളില്‍ പ്രവേശനമുണ്ടാകില്ല. ഹാര്‍ബറുകളും ഫിഷ് ലാന്‍റിംഗ് സെന്‍ററുകളും ഞായറാഴ്‍ചകളില്‍ അടച്ചിടും. അതേസമയം  കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

പൊന്നാനിയിൽ സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് പൊന്നാനി എംഎൽഎ  കൂടിയായ സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്‍പീക്കര്‍ വിശദീകരിച്ചു. 

പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. സ്ഥിതി ഗുരുതരമായതോടെ ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരൂരങ്ങാട് നഗരസഭ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഓഫീസും അടച്ചിരുന്നു.