Asianet News MalayalamAsianet News Malayalam

മിന്നൽ ഹർത്താലിലെ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു, നടപടി കോടതി കടുപ്പിച്ചതോടെ

തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ മിന്നൽ ഹർത്താൽ കേസുകളുമായി ബന്ധപ്പെട്ട നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടി. 

revenue attachment of popular front leaders properties continuing in kerala
Author
First Published Jan 20, 2023, 5:26 PM IST

കൊച്ചി : ഹൈക്കോടതി വടിയെടുത്തതോടെ, പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്രമങ്ങൾ തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ  പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.  

പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ  വീടും, വസ്തുക്കളും ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്തു. കരുനാഗപ്പള്ളി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

മിന്നല്‍ഹര്‍ത്താലിലെ നാശനഷ്ടം:പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി അബ്ദുൾ സത്താറിൻ്റെ സ്വത്ത് കണ്ടുകെട്ടി

തൃശൂർ കുന്നംകുളത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്,പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ,വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നടപടി. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. 

വയനാട്ടിൽ ഹർത്താൽ അതിക്രമ കേസുകളിൽ പ്രതികളായ പിഎഫ്‌ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടും, വസ്തുക്കളും കണ്ടു കെട്ടി. ജില്ലയിൽ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. കാസർകോട്ട് പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി. കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവിൽ നങ്ങാറത്ത് സിറാജുദീൻ, തെക്കേ തൃക്കരിപ്പൂർ സിടി സുലൈമാൻ, കാസർകോട് അബ്ദുൽ സലാം,  ഉമ്മർ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്ത് വകകളാണ് ഇന്ന് കണ്ടുകെട്ടിയത്. 

തിരുവനന്തപുരത്ത് അഞ്ച് പിഎഫ്ഐ നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തു. കാട്ടാക്കട, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിലാണ് നടപടി. ഹർത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി. കോട്ടയം ജില്ലയിലും 5 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ആലുവയിൽ  മൂന്ന് സ്ഥലങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടി. പെരിയാർ വാലി ട്രസ്റ്റ്, കുഞ്ഞുണ്ണിക്കര സ്വദേശികളായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് കാസിം എന്നിവരുടെ സ്വത്തുക്കളാണ് ജപ്തിചെയ്തത്. 

Follow Us:
Download App:
  • android
  • ios