Asianet News MalayalamAsianet News Malayalam

പ്രളയാനുഭവങ്ങളുടെ പാഠം പഠിച്ചോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സമാപിച്ചു, അഭിനന്ദനവുമായി റവന്യൂ മന്ത്രി

രണ്ട് പ്രളയങ്ങളുടെ അനുഭവത്തിൽ നിന്ന് കേരളം എന്തെങ്കിലും പാഠം പഠിച്ചോ?  ഒറ്റമഴയിൽ ഇത്തവണയും കേരളത്തിന്‍റെ തീരങ്ങളിൽ ജനജീവിതം നരകമായതിന്‍റെ നേർക്കാഴ്ചയിൽ നിന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. 

Revenue minister appreciate asianet news
Author
Thiruvananthapuram, First Published Jun 8, 2021, 5:41 PM IST

തിരുവനന്തപുരം: പ്രളയാനുഭവങ്ങളുടെ പാഠം പഠിച്ചോ കേരളമെന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് സമാപനം. ഉത്തരവാദിത്തത്തോടെയുളള ഇടപെടലാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റേതെന്ന് റവന്യൂ മന്ത്രി അഭിനന്ദിച്ചു. അനധികൃത നിർമാണപ്രവർത്തനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. തീരസംരക്ഷണത്തിന് സുസ്ഥിരപദ്ധതിയുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രിയും പ്രതികരിച്ചു.

രണ്ട് പ്രളയങ്ങളുടെ അനുഭവത്തിൽ നിന്ന് കേരളം എന്തെങ്കിലും പാഠം പഠിച്ചോ?  ഒറ്റമഴയിൽ ഇത്തവണയും കേരളത്തിന്‍റെ തീരങ്ങളിൽ ജനജീവിതം നരകമായതിന്‍റെ നേർക്കാഴ്ചയിൽ നിന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. ഉരുൾപൊട്ടൽ പേടിയൊഴിയാത്ത മലയോരം, എന്ന് കടലെടുക്കുമെന്നറിയാത്ത തീരം, .പെരുമഴ വന്നാൽ താറുമാറാകാൻ ഇടയുളള എല്ലാ മേഖലയും സ്പർശിച്ച റിപ്പോർട്ടുകൾ. വെളിച്ചം വീശുന്ന  പരമ്പരയെന്നായിരുന്നു റവന്യൂ മന്ത്രി കെ.രാജൻ്റെ അഭിനന്ദനം.

റവന്യൂ മന്ത്രിയുടെ വാക്കുകൾ -

പ്രളയപാഠം എന്ന പേരിൽ ഇങ്ങനെയൊരു പരമ്പര നടത്തിയ ഏഷ്യാനെറ്റ് ന്യൂസിനേയും റിപ്പോർട്ടർമാരേയും പ്രത്യേകം അഭിനന്ദിക്കുകയാണ്. ഇങ്ങനെയൊരു ഘട്ടത്തിൽ സർക്കാരിൻ്റേയും പൊതുസമൂഹത്തിൻ്റേയും പിന്നിൽ കൊണ്ടു വരേണ്ട പ്രശ്നങ്ങളും ഉന്നയിക്കേണ്ട വിമർശനങ്ങളും തന്നെയാണ് നിങ്ങൾ ഉന്നയിച്ചത്. പൊസീറ്റിവായി തന്നെ ഈ വിമർശനങ്ങളേയും പ്രശ്നങ്ങളേയും സർക്കാർ കാണും. 2018-ലേയും 2019-ലേയും പ്രളയങ്ങൾ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലുതായിരുന്നു. 30000 കോടിയുടെ നഷ്ടം മാത്രമല്ല കേരളത്തിന് തിരിച്ചെടുക്കാനാവാത്ത വിധമുള്ള നഷ്ടങ്ങളാണ് പ്രളയങ്ങളിലുണ്ടായത്. അത്തരം ദുരന്തങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ വേണ്ട പല നടപടികളും ഇതിനോടകം സർക്കാർ ചെയ്തിട്ടുണ്ട്. 

ഇത്തരം ദുരന്തങ്ങളും അപകടങ്ങളും ഭാവിയിൽ ഒഴിവാക്കാൻ പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചു. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ സർക്കാരും സർക്കാരിനും ഏജൻസികൾക്കും സാധിക്കണം. ദുരന്തലഘൂകരണത്തിന് ഒരുങ്ങാൻ ദുരന്തനിവാരണ സമിതി പുറത്തിറക്കിയ ഓറ‍ഞ്ച് പുസ്തകം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഒരു മാതൃക ​ഗ്രന്ഥമായി മുന്നിലുണ്ട്. ഈ മൺസൂൺ കാലത്തിന് മുന്നോടിയായിട്ട് പോലും നമ്മൾ ഓറഞ്ച് പുസ്തകത്തെ അടിസ്ഥാനമാക്കി മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു.  നമ്മുടെ നാട്ടിൽ തുടർച്ചയായി ചെയ്തു പോരുന്ന ചില കാര്യങ്ങൾ തുടരണം. ഓറഞ്ച് പുസ്തകത്തിൽ അപകടമേഖലയായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ഇനി ആളുകളെ പാർപ്പിക്കാനാവില്ല. 

ദുരന്തനിവാരണത്തിൽ അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുക എന്നത് പ്രധാനമാണ്. കേരളത്തിൻ്റെ പുതിയ സാഹചര്യത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകുന്ന വികസനപ്രവർത്തനങ്ങൾ തന്നെയാണ് സർക്കാർ നടപ്പാക്കുക. പ്രകൃതിക്ക് ദോഷം ചെയ്യാത്ത പദ്ധതികൾ മാത്രമേ നമ്മുക്ക് നടപ്പാക്കാനാവൂ. വികസന പ്രവർത്തനങ്ങളിലും ദുരന്ത നിവാരണത്തിലും ദുരിതബാധിതരുടെ പുനരധിവാസത്തിലും ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ഏജൻസികളുടെ നിർദേശങ്ങൾ സർക്കാർ പരി​ഗണിക്കും. 

Follow Us:
Download App:
  • android
  • ios