കർഷകതാല്പര്യം പരിഗണിച്ചിറക്കിയ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്‌തെന്നാണ് മന്ത്രിയുടെ വാദം. സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: വയനാട് മുട്ടിലിൽ അടക്കം സംസ്ഥാനത്ത് വ്യാപക മരം കൊള്ളക്ക് കാരണമായ റവന്യൂ വകുപ്പിൻ്റെ വിവാദ ഉത്തരവിനെ വീണ്ടും ന്യായീകരിച്ച് റവന്യൂ മന്ത്രി കെ രാജൻ. കർഷകതാല്പര്യം പരിഗണിച്ചിറക്കിയ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്‌തെന്നാണ് മന്ത്രിയുടെ വാദം. സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് കെ രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തരവ് ദുരുപയോഗത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരംമുറി ഉത്തരവിനായി എല്ലാ വിഭാഗങ്ങളുടെയും ആവശ്യം ഉണ്ടായി. സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ഒരു കഷ്ണം തടി പോലും നഷ്ടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരോടും ആദിവാസികളോടും മുഖം തിരിച്ച ഒരു സമീപനമായിരിക്കില്ല സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അന്വേഷണത്തിന്‍റെ ഫലം വന്നതിന് ശേഷം സര്‍ക്കാര്‍ കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona