ചികിത്സാ സഹായത്തിന്‍റെ ഭാഗമായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റവും ഒടുവിൽ ബുധനാഴ്ചയാണ് വീട്ടിലെത്തി പരിശോധന പൂർത്തിയാക്കി. അന്ന് വൈകിട്ട് 5.33 ന് മൂന്ന് ലക്ഷം രൂപ അക്കൗണ്ടിൽ വന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണമെത്തിയ അതേ ദിനമാണ് കോതമംഗലം സ്വദേശിയായ ഷിബു ജോസ് വിജിലൻസിന്‍റെ പട്ടികയിലും ഉൾപ്പെടുന്നത്. സമ്പന്നനെന്ന് വിജിലൻസ് കണ്ടെത്തിയ ഷിബു എങ്ങനെ റവന്യു പരിശോധനക്ക് ശേഷം മൂന്ന് ലക്ഷം രൂപയുടെ സർക്കാർ സഹായത്തിന് അർഹനായി. കോതമംഗലം എംഎൽഎ ആന്‍റണി ജോണ്‍ വഴിയാണ് ഷിബു ജോസ് അപേക്ഷ നൽകിയത്.

ഇരുനില വീട്, ഭൂമി, വാഹനങ്ങൾ അങ്ങനെ സ്വത്ത് കണക്കാക്കിയാൽ സമ്പന്നനാണ് ഷിബു ജോസ്. 51 വയസാണ് പ്രായം. രണ്ട് വർഷമായി വൃക്കകൾ തകരാറിലായി ചികിത്സയിലാണ്. ഇപ്പോൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. 18 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ചികിത്സ. റവന്യു പരിശോധനകൾക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ നേടിയെടുക്കുകയും ചെയ്തു.
ചികിത്സാ സഹായത്തിന്‍റെ ഭാഗമായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റവും ഒടുവിൽ ബുധനാഴ്ചയാണ് വീട്ടിലെത്തി പരിശോധന പൂർത്തിയാക്കി. അന്ന് വൈകിട്ട് 5.33 ന് മൂന്ന് ലക്ഷം രൂപ അക്കൗണ്ടിൽ വന്നു. അതേദിവസം തന്നെ രാത്രി എട്ട് മണിയോടെ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചവരുടെ വിജിലൻസ് പട്ടികയിലും ഷിബു ജോസ് ഇടം നേടി.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുവദിക്കുന്ന പരമാവധി സഹായമാണ് മൂന്ന് ലക്ഷം രൂപ. ഷിബുവിനെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നതാണ് ഇനി പരിശോധിക്കേണ്ടത്. പ്രാരംഭ അന്വേഷണം മാത്രമാണ് നടന്നത് വിശദമായ പരിശോധനക്ക് ശേഷമാകും വിജിലൻസിന്‍റെ തുടർ നടപടികൾ. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം കണക്കാക്കിയാണ് പണം അനുവദിക്കുന്നതും.കുവൈറ്റിൽ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിൽ ചികിത്സയിൽ തുടരുന്ന ഷിബുവിന് സഹായത്തിന് അർഹതയുണ്ടെന്നാണ് റവന്യുവകുപ്പിന്‍റെ വിശദീകരണം.
