Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന;കൂടുതൽ കുട്ടികളും പീഡിപ്പിക്കപ്പെട്ടത് വീടുകളിൽ

ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

rise in POCSO cases during covid  lockdown time in kerala
Author
Thiruvananthapuram, First Published Aug 13, 2022, 7:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികൾ വീടുകളിൽ തന്നെ കഴിഞ്ഞ രണ്ട് വർഷത്തെ കൊവിഡ് കാലം. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങൾ തുടർച്ചയായി സ്കൂളുകളിലേക്ക് എത്തിയില്ല. എന്നാൽ സ്വന്തം വീടുകൾ തന്നെയാണോ കുട്ടികൾക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി. അതായത് ലോക്ഡൗൺ കാലത്ത് വർധനവ്. 

Also Read:  ക്ലാസില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് ക്രൂരത;പീഡിപ്പിച്ചത് ക്വയര്‍ ഗായകന്‍, ജീവപര്യന്തം തടവ്

ഇരട്ടിയിലധികമായി കുട്ടികൾ വീട്ടുകളിൽ തന്നെ കഴിഞ്ഞപ്പോൾ ചുറ്റുമുള്ള അടുപ്പക്കാരും രക്ഷിതാക്കളിൽ ചിലരും മൃഗത്തെ പോലെ കുരുന്നുകളോട് പെരുമാറി. ഇത് ആണയിടുന്നതാണ് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതിയെ സമീപിച്ച ഇരകളെ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സർവ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസ്സുകാരി ഉൾപ്പടെ 13 പേരാണ്. ഗർഭച്ഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവർ. ഈ കാലയളവിന് മുൻപും, കോടതി അനുമതി ഇല്ലാതെയും മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചും ഗർഭച്ഛിദ്രം നടത്തേണ്ടി വന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.

40 മുതൽ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയൽവാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവർ എന്നതാണ് നിലവിലെ കണക്കുകൾ. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തൽ. അതേസമയം 2020ൽ കൂടുതൽ പോക്സോ കോടതികൾ നിലവിൽ വന്നതോടെ തീർപ്പാക്കിയ കേസുകളുടെ എണ്ണം മുൻവർഷത്തേക്കാൾ കാര്യമായി കൂടി.

Follow Us:
Download App:
  • android
  • ios