കണ്ണൂര്‍: ജയിലിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ജയിൽ മേധാവി ഋഷിരാജ് സിംഗ് കത്ത് നൽകി. പ്രമാദമായ കേസുകളിലെ പ്രതികൾ ജയിലിലിൽ നിന്നും ഫോൺ വിളിച്ചിട്ടുണ്ടോ ക്വട്ടേഷൻ നൽകിയിട്ടുണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി

ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവർ ജയിലിൽ നിന്ന് ഫോൺ വിളിക്കുകയും കൊടി സുനി കൊട്ടേഷൻ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗിന്‍റെ നടപടി. ജയിലുകളിൽ  നിന്ന് ഫോണുകളും സിം കാർഡുകൾ പിടിച്ചെടുത്തെങ്കിലും തുടരന്വേഷണത്തിൽ പൊലീസ് വിഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് കത്ത്. 

പിടിച്ചെടുത്ത സിം കാർഡുകൾ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, ഈ സിം കാർഡുകൾ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, പ്രമാദമായ കേസുകളിൽ ഉള്ള ആരെങ്കിലും ജയിലിൽ നിന്ന് ഫോൺ വിളിച്ചിട്ടുണ്ടോ, ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തകയും കൊട്ടേഷൻ എടുക്കുകയു ചെയ്തെന്ന വാർത്ത ശരിയാണോ. ഈ നാല് കാര്യങ്ങൾ അന്വേഷിക്കണം എന്നാണ് ആവശ്യം. 

സർക്കാരിന് മറുപടി നൽകാനായി ഇക്കാര്യങ്ങൾ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നത്. ഋഷിരാജ് സിംഗ് ജയിൽ മേധാവിയായ ശേഷം കണ്ണൂരിലും വിയ്യൂരിലുമായി നടത്തിയ റെയ്ഡിൽ മുപ്പതിലധികം ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.