Asianet News MalayalamAsianet News Malayalam

'ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ്'; ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കുമെന്ന് ഋഷിരാജ് സിങ്

ജോളിയുടെ ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഋഷിരാജ് സിങ് 

Rishiraj Singh says if needed counselling will be given to jolly
Author
Kozhikode, First Published Feb 28, 2020, 11:58 AM IST

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ മേധാവി ഋഷിരാജ് സിങ്. ഇത്തരം സംഭവങ്ങൾ ജയിലിൽ നടക്കാൻ പാടില്ലാത്തതാണെന്നായിരുന്നു ഋഷിരാജ് സിങിന്‍റെ പ്രതികരണം. ജോളിയുടെ ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.  

അതേസമയം ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ നിര്‍ദ്ദേശം. ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജോളി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയിലിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 

ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നിരീക്ഷിക്കാനാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. എത്രയും വേഗം ക്യാമറ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണം നടന്നത്. വടക്കന്‍ മേഖലാ ജയില്‍ ഡിഐജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios