കണ്ണൂ‌‌‌ർ: കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്.ഇരിട്ടി നഗരം വെള്ളത്തിലാണ്. പുഴയോരത്തെ 15 വീടുകൾ പൂർണ്ണമായും മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തിൽ മുങ്ങാത്ത വീടുകളിൽ പോലും ഇത്തവണ വെള്ളം കയറി. ജില്ലയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി.

കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ കൊട്ടിയൂർ നെല്ലിയോടിയിൽ തന്നെയാണ് ഇത്തവണയും ഉരുൾപൊട്ടിയത്. ആളപായമുണ്ടായില്ലെങ്കിലും മൂന്നേക്കറോളം കൃഷി നശിച്ചു. വനമേഖലയിൽ ഉൽഭവിച്ച് മലയോര മേഖലയിലൂടെ കടന്ന് പോകുന്ന പുഴകളിൽ ഉരുൾപൊട്ടലിനെ തുട‌‌ർന്ന് പൊടുന്നനെ ജലനിരപ്പുയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. 

ഇരിട്ടി നഗരത്തിൽ പല കടകളിലും വെളളം കയറി. ഇരിട്ടി പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കാണ് പുഴയിലിപ്പോൾ. പുഴയോരത്ത് താമസിക്കുന്നവർക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും പരാതിയുയരുന്നുണ്ട്. ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുൾപൊട്ടൽ മൂലമാണ് ഇരിട്ടി പുഴയിൽ വെളളം ഉയർന്നത്. 

ഇരിക്കൂറിൽ ഒരു പ്രദേശത്തെ 15 ഓളം വീടുകൾ മുങ്ങിയ അവസ്ഥയിലാണ്. ഇരിട്ടിയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന. 

അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.