ആലപ്പുഴ: ടാറിംഗ് നടന്നതിന് തൊട്ട് പിന്നാലെ റോഡ് ഇടിഞ്ഞ് ആറ്റിൽ വീണു. ആലപ്പുഴ എടത്വായിലാണ് സംഭവം. ലക്ഷങ്ങൾ മുടക്കി ടാറിംഗ് ജോലി പൂര്‍ത്തിയാക്കി കരാറുകാരനും ജോലിക്കാരും സ്ഥലം വിട്ടതിന് പിന്നാലെയാണ് റോഡിന്‍റെ വശം ആറ്റിലേക്ക് ഇടിഞ്ഞ് വീണത്. 

എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്.

വീഡിയോ കാണാം: 

ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. 10 മീറ്ററോളം ദൂരമാണ് ഇടിഞ്ഞത്. റോഡ് അരികിൽ നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്. 

റോഡ് പണി അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. അത് വകവയ്ക്കാതെയാണ് പണി നടന്നത്.