അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം ഇന്നലെ രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട്: കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം. വളയത്തിന് സമീപം വാണിമേൽ വെളളളിയോട് നടന്ന മോഷണത്തിൽ 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വാണിമേൽ നടുവിക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് വെളളിയാഴ്ച രാത്രി മോഷണം നടന്നത് . മകളുടെ വിവാഹത്തിനായി കരുതിയിരുന്ന 30 പവൻ ആഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. വളയം പൊലീസ് അന്വേഷണം തുടങ്ങി.
ഗ്യാസ് കുറ്റി കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; വീട് വിറ്റ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമെന്ന് പൊലീസ്
തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം വിഷ്ണു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു.
