കായംകുളം: സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തിയ ശേഷം ക്യാമറയുമായി മോഷ്‌ടാവ് കടന്നുകളഞ്ഞു. കായംകുളം പുതിയിടം കാര്‍ത്തിക സ്റ്റുഡിയോ ഉടമ കുമാറിന്റെ ക്യാമറയാണ് തട്ടിപ്പറിച്ചത്.  ഇന്നലെ രാവിലെ 10 മണിയോടെ സ്റ്റുഡിയോയില്‍ എത്തിയ ആള്‍ പിഡബ്ല്യൂഡി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശേഷം റോഡില്‍ കൂട്ടി ഇട്ടിരിക്കുന്ന പാറയുടെ ഫോട്ടോ എടുക്കാനുണ്ടെന്നു അറിയിച്ചു. തുടര്‍ന്ന് തന്നെയും ബൈക്കില്‍ കയറ്റി ദേശീയപാതയിലെ നങ്യാര്‍കുളങ്ങരെ വരെ പോയി പടമെടുത്തെന്ന് കുമാര്‍ പറയുന്നു. ഇവിടെ നിന്ന് പാറയുടെ പടമെടുക്കാൻ ചവറ വരെ പോയി. 

മോഷ്ടാവ് ഇടയ്ക്കിടെ സിഗററ്റ് വലിയ്ക്കാനായി വണ്ടി നിര്‍ത്തിയിരുന്നു.  തിരികെ കായംകുളം മുക്കട ജംഗ്ഷനില്‍ എത്തിയപ്പോള്‍ വെള്ളം കുടിക്കാനായി വണ്ടിനിര്‍ത്തി. ഈ സമയം വണ്ടിയില്‍ ബാഗ് വെച്ച് താന്‍ മാറിയപ്പോള്‍ ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യ്തു പോകുകയും ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അടിച്ചു വീഴ്ത്തുകയാണ് ഉണ്ടായതെന്നും കുമാർ പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ക്യാമറയും ലെന്‍സുമാണ് അപഹരിച്ചത്. ബുള്ളറ്റ് തണ്ടര്‍ ബൈക്കിലാണ് മോഷ്ട്ടാവ് എത്തിയത്. കായംകുളം പോലീസ് കേസെടുത്ത്  അന്വഷണം ആരംഭിച്ചു.