'റോബിനെ'ക്കുറിച്ച് യഥാര്‍ത്ഥ ഉടമ പറയുന്നു; 'നിയമപോരാട്ടത്തില്‍ ഗിരീഷിനൊപ്പം, പൗരനുള്ള അവകാശം നേടിയെടുക്കും'
ഗിരീഷ് ബസിന്റെ പവർ ഓഫ് അറ്റോർണിയെന്നും ബസിന്റെ ആർസിയും പെർമിറ്റും തന്റെ പേരിലാണെന്നും കിഷോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ: നിയമ പോരാട്ടത്തിൽ ഗിരീഷിനൊപ്പമാണെന്ന് റോബിൻ ബസ് ഉടമ കിഷോർ ഏഷ്യാനെറ്റ് ന്യൂസിനോട്. റോബിൻ ബസ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ഉടമ കിഷോർ. ഗിരീഷ് ബസിന്റെ പവർ ഓഫ് അറ്റോർണിയെന്നും ബസിന്റെ ആർസിയും പെർമിറ്റും തന്റെ പേരിലാണെന്നും കിഷോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗിരീഷുമായി 2008 മുതലുള്ള ബിസിനസ് ബന്ധമാണെന്നും കോഴിക്കോട് സ്വദേശിയായ കിഷോർ കൂട്ടിച്ചേർത്തു.
നിയമപോരാട്ടത്തിൽ ഗിരീഷിനൊപ്പമെന്ന് വ്യക്തമാക്കിയ കിഷോർ പൗരനുള്ള അവകാശങ്ങൾ നേടിയെടുക്കുമെന്നും വിശദമാക്കി. കൂടുതൽ ബസുകളുടെ നടത്തിപ്പ് ഗിരീഷിനെ ഏൽപിക്കുമെന്നും കിഷോർ പറഞ്ഞു. ആകെ നാല് ബസ്സുകൾ ഗിരീഷിന് നടത്തിപ്പിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും കിഷോറിന്റെ വാക്കുകൾ. ഗിരീഷിന് ബാങ്ക് ലോൺ കിട്ടാത്ത സാഹചര്യത്തിൽ വായ്പ ഉൾപ്പെടെ എടുത്തിരിക്കുന്നത് തന്റെ പേരിലാണെന്നും ഓൾ ഇന്ത്യ പെർമിറ്റ് ഉള്ള വാഹനം ആണെന്നും കിഷോർ വെളിപ്പെടുത്തി.
അതേ സമയം, റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ആരുടെ ഭാഗത്താണ് ന്യായം, എന്താണ് റോബിൻ ബസിന്റെ യഥാർത്ഥ പ്രശ്നം? പരിശോധിക്കാം...