തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആരംഭിച്ച അധികാരവടംവലി പര്യസമായ പോരിലേക്ക് നീങ്ങുന്നു. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച മുന്‍നിരയിലെ സീറ്റ് നിയമസഭാകക്ഷി ഉപനേതാവായ പിജെ ജോസഫിന് നല്‍കണം എന്ന് കാണിച്ച് മോന്‍സ് ജോസഫ് എംഎല്‍എ നല്‍കിയ കത്തിനെതിരെ ജോസ് കെ മാണി വിഭാഗം എംഎല്‍എയായ റോഷി അഗസ്റ്റിന്‍ രംഗത്ത് എത്തി. 

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പുതിയ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍റെ അധ്യക്ഷതയിലാവണമെന്നും അതിനാല്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുക്കാനും അതിന് ശേഷം നിയമസഭാ കക്ഷിനേതാവിനെ കണ്ടെത്താനും സാവകാശം അനുവദിക്കണം എന്നു കാണിച്ച് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. 

മാണിയുടെ അസാന്നിധ്യത്തില്‍ നിയമസഭാ കക്ഷിഉപനേതാവായ ജോസഫ് തന്നെയാവും പാര്‍ട്ടിയെ നിയമസഭയില്‍ നയിക്കേണ്ടതെന്നും പിന്നെ എന്തിനാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് മോന്‍സ് ജോസഫ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ലീഡ‍റെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍റെ സാന്നിധ്യത്തിലാവണം എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ മാണി സാറിന്‍റെ നിര്യാണത്തിന് ശേഷം പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തിട്ടില്ല. പുതിയ ചെയര്‍മാന് ചുമതലയേല്‍ക്കാനും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാനും സാവകാശം വേണമെന്നാണ് ഞാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവ് എന്ന നിലയില്‍ ജോസഫ് സാര്‍ തന്നെ കക്ഷിനേതാവായി ഇരിക്കേണ്ടത്. പിന്നെന്തിനാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് എന്നറിയില്ല. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയത്- റോഷി അഗസ്റ്റിന്‍ പറ‍ഞ്ഞു. 

അതേസമയം വിവാദങ്ങള്‍ക്കിടെ കേരള നിയമസഭയുടെ സമ്മേളനം ഇന്ന് ആരംഭിച്ചു. ആദ്യദിനത്തില്‍ കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും. നേരത്തെ മാണിയ്ക്ക് അനുവദിച്ച മുന്‍നിര സീറ്റിലാണ് ഇന്ന് ജോസഫിന് ഇരിപ്പിടം ലഭിച്ചിരിക്കുന്നത്. 
നിയമസഭയിലെത്തിയ പിജെ ജോസഫും മോന്‍സും പുതിയ വിവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നതിന് മുന്‍പ് മോന്‍സ് ജോസഫ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും മോന്‍സിന്‍റെ നടപടി തെറ്റായി പോയെന്നും ജോസ് കെ മാണി പ്രതികരിച്ചു.