Asianet News MalayalamAsianet News Malayalam

ദേവസ്വം ബോർഡ് നോട്ടീസ് വിവാദം; ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയുടെ നോട്ടീസ് വിവാദമായതിനെ തുടർന്നാണ് തീരുമാനം.

Royal family representatives not attending  Temple Entry Proclamation anniversary after notice controversy nbu
Author
First Published Nov 13, 2023, 11:13 AM IST

തിരുവനന്തപുരം: ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് എന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് അറിയിച്ചു. അതേസമയം, രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസാണ് വിവാദത്തിലായത്. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമർശനം ഉയര്‍ന്നത്. അടിമുടി രാജഭക്തിയാണ് ബോർഡിന്റെ നോട്ടീസിൽ, രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമർശനം. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്ക്കാരിക വിഭാഗം ഡയറക്ടർ സമ്മതിക്കുമ്പോൾ നോട്ടീസ് പിൻവലിക്കണമെന്ന് ഇടത് അനുഭവികളടക്കം ആവശ്യം ഉയര്‍ന്നിരുന്നു.

നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന ഐതിഹാസിക പോരാട്ടത്തെ വിസ്മരിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്. പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. നോട്ടീസിൽ ദേവസ്വം മന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദം മുറുകുന്ന സാഹചര്യത്തിൽ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജകുടുംബ പ്രതിനിധികൾ. 

Follow Us:
Download App:
  • android
  • ios