കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. 

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും സമ്പൂര്‍ണ പരാജയമായതോടെയാണ് യുഡിഎഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കമുള്ള നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടു. തോറ്റയുടന്‍ മുന്നണിവിടുന്നത് രാഷ്ട്രീയ മര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് എ എ അസീസ് പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയസ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് ഒന്‍പതിന് കൊല്ലത്ത് വിപുലമായ യോഗം ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളുമടക്കം നേതൃനിരയിലുള്ള 500 ഓളം നേതാക്കള്‍ പങ്കെടുക്കുന്ന വിപുല യോഗമായിരിക്കും ഇത്. പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗമാണത്. മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. അതേസമയം മുന്നണിമാറ്റം വേണ്ടെന്ന നിലപാടിലാണ് എന്‍ കെ പ്രേമചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും. സിപിഎമ്മിനെ പേരെടുത്ത് പറഞ്ഞ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചതും ശ്രദ്ധേയമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona