സെക്രട്ടറി സ്ഥാനത്തേക്ക് എ എ അസീസിന് പകരം ഷിബു ബേബി ജോണിനെ കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. എന്നാൽ എൻ.കെ. പ്രേമചന്ദ്രൻ പക്ഷത്തിന്റെ പിന്തുണ അസീസിനാണുള്ളത്.
കൊല്ലം: കൊല്ലത്ത് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറി ഉണ്ടാകുമോ എന്നാണ് പ്രവര്‍ത്തകർ ഉറ്റു നോക്കുന്നത്. ഇന്നലെ പ്രതിനിധി സമ്മേളനത്തിലടക്കം യുവനേതൃത്വം വരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് എ എ അസീസിന് പകരം ഷിബു ബേബി ജോണിനെ കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. എന്നാൽ എൻ.കെ. പ്രേമചന്ദ്രൻ പക്ഷത്തിന്റെ പിന്തുണ അസീസിനാണുള്ളത്. യുഡിഎഫിലെത്തിയത് കൊണ്ട് പര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന് കഴിഞ്ഞ ദിവസം പ്രതിനിധികൾ വിമര്‍ശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളിൽ കോണ്‍ഗ്രസ് വിമതർ മത്സരിക്കുന്ന സ്ഥിതിയാണെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
യുഡിഎഫ് മുന്നണിയിലെത്തിയിട്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചവറയിലടക്കം കോണ്‍ഗ്രസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരിച്ചെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിലായിരുന്നപ്പോള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിക്ക് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു.
