തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ മുൻ നിര്‍ത്തി സർക്കാരിനും സിപിഎമ്മിനും എതിരെ കടുത്ത വിമർശനങ്ങളുമായി ആർഎസ്പി. ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലേ എന്നാണ് ആർഎസ്പി നേതാക്കളുടെ ചോദ്യം. 

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു. അധോലോകം രൂപപ്പെട്ട അവസ്ഥയാണ് കേരളത്തിലാകെ ഉള്ളത്, തിരുവോണത്തലേന്ന് ക്വട്ടേഷൻ സംഘങ്ങൾ തെരുവിൽ അഴിഞ്ഞാടുന്ന സാഹചര്യം വരെ ഉണ്ടായി. കേട്ടാലറക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പിൽ നടക്കുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇന്സ്പെക്ടർ എൻജിഒ യൂണിയന്‍റെ ആളാണ്. ഇയാൾക്ക് എതിരെ എന്ത് കൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണിതെന്നും ആര്‍എസ്പി കുറ്റപ്പെടുത്തി.

കൊവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന് അവാർഡ് കിട്ടുമ്പോൾ മുഴുവൻ ക്രെഡിറ്റും മന്ത്രിക്ക് ആണെങ്കിൽ ഇപ്പോൾ ഉണ്ടായ സംഭവങ്ങളിലെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുന്നില്ല എന്നാണ് നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം.