കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍.
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് (Rajya Sabha Seat) പേയ്‍മെന്‍റ് സീറ്റാണെന്ന് ആരോപിച്ച് ആര്‍എസ്‍പി. സീറ്റ് ജെബി മേത്തര്‍ (jebi mather) പണം കൊടുത്ത് വാങ്ങിയതാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അസീസിന്‍റെ ആരോപണം. ജെബി മേത്തറിന്‍റെ സീറ്റിനെ ചൊല്ലി കോോൺഗ്രസ്സിൽ ഭിന്നതയും എതിർപ്പും മുറുകുമ്പോഴാണ് യുഡിഎഫ് ഘടകകക്ഷി നേതാവിന്‍റെ ആരോപണം.

ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയായിരുന്നു തീരുമാനം. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്‍റില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് എംപിയായി അയക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന്‍ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
- 'ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി അല്ല'; താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണെന്ന് സുധാകരന്‍
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്‍റേത് അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാർത്ഥിത്വം അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി ആയിരുന്നില്ല. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണിതെന്നും കെ സുധാകരന്‍ പ്രതികരിച്ചു. എം ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ സുധാകരൻ പറഞ്ഞു.
- 'ജെബി മേത്തർ ഉചിതമായ തീരുമാനം, സ്ഥാനാർഥിത്വം താൻ ചോദിച്ചിട്ടില്ല': കെ വി തോമസ്
ജെബി മേത്തറെ സ്ഥാനാർത്ഥിയാക്കിയത് ഉചിതമായ തീരുമാനമെന്ന് മുൻ എംപി കെ വി തോമസ്. ജെബിയുടേത് കോൺഗ്രസ് കുടുംബമാണെന്നും പ്രവർത്തന പാരമ്പര്യവുമുണ്ടെന്നും കെ വി തോമസ് പറഞ്ഞു. രാജ്യസഭാ സീറ്റ് ലഭിക്കാനായി നേരത്തെ കെവി തോമസും ചരടുവലികൾ നടത്തിയിരുന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തി കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അൻവറുമായടക്കം അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാലിക്കാര്യങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ നിഷേധിക്കുകയാണ് കെവി തോമസ്. താൻ സീറ്റ് ചോദിച്ചിട്ടില്ലെന്നും താരിഖ് അൻവർ വിളിച്ചിട്ടാണ് ദില്ലിയിൽ പോയതെന്നുമാണ് കെ വി തോമസ് ഇപ്പോൾ നൽകുന്ന വിശദീകരണം. വിമർശനം ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണ്. എന്നാൽ പലപ്പോഴും അങ്ങനെയല്ല നടക്കുന്നത്. സീറ്റിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അവഹേളിക്കുന്നുവെന്ന പരിഭവവും മുൻ എംപി പങ്കുവെക്കുന്നു.
സീറ്റുചോദിച്ചെന്ന പേരിൽ ടി പത്മനാഭൻ തനിക്കെതിരെ നടത്തിയ വിമർശനം വേദനിപ്പിച്ചെന്നും കെവി തോമസ് പറഞ്ഞു. ഞാൻ അട്ടയാണോ എന്ന് പത്മനാഭൻ തന്നെ ആലോചിക്കട്ടെയെന്നാണ് ഇക്കാര്യത്തിൽ കെ വി തോമസിന്‍റെ മറുപടി. കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണ് നെഹ്രു കുടുംബം. ദേശീയ തലത്തിൽ കോൺഗ്രസിനെ നെഹ്രു കുടുംബം തന്നെ നയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കെ വി തോമസ് പറയുന്നു. രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ നേരത്തെ യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവരെ അതിരൂക്ഷ വിമർശിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം പാസാക്കി.
