കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ കൊല്ലത്ത് സിപിഎം - സംഘപരിവാർ സംഘർഷം. കൊല്ലം കുരീപ്പുഴയിൽ ഒരു സംഘം ആളുകൾ ആർഎസ്എസ് നേതാവിൻ്റെ വീട് ആക്രമിച്ചു. രാത്രിയോടെ കൊല്ലം ഏരൂരിൽ സിപിഎം - ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. 

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകിട്ടോടെയാണ് കുരീപ്പുഴയിലെ ആർഎസ്എസ് നേതാവ് രതീഷിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മിനി ലോറിയിലെത്തിയ സംഘം വീടിൻ്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർക്കുകയായിരുന്നു.  വീടിൻ്റെ ജനൽ ചില്ലുകളും സംഘം അടിച്ചു തകർത്തു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബിജെപി- ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

കൊല്ലം ഏരൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ ബിജെപി- എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. കൊല്ലം ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് തെറഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുണ്ടായതിന് പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി എല്ലാവരേയും പിരിച്ചു വിട്ടു. 

സ്ഥലത്ത് നിലവിൽ വൻപൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎം - ബിജെപി പ്രവർത്തകർ ഇവിടെ രണ്ട് ഭാഗങ്ങളിലായി തമ്പടിച്ചു നിൽക്കുകയാണ്. സിപിഎമ്മിൻ്റെ മുൻ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയും ഈ വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും ചെയ്തിരുന്നു. 


"